ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് സൈജു കുറുപ്പ്. മയൂഖത്തിലൂടെ നായകനായി അരങ്ങേറിയ സൈജു കുറുപ്പ് പിന്നീട് വില്ലനായും സഹനടനായും തിളങ്ങി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ഹ്യൂമര്‍ വേഷങ്ങളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നവുമായുള്ള അനുഭവം പങ്കുവെക്കുകയാണ് സൈജു കുറുപ്പ്. ഒരിക്കല്‍ ഒരു പരിപാടിക്കിടെ താന്‍ മണിരത്‌നത്തെ നേരിട്ട് കണ്ടെന്ന് സൈജു കുറുപ്പ് പറഞ്ഞു. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു അവസരം ലഭിക്കണമെന്ന് ആഗ്രഹിച്ചെന്നും നേരിട്ട് ചാന്‍സ് ചോദിക്കാന്‍ തീരുമാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
താന്‍ ആ സമയത്ത് ഹിന്ദിയില്‍ നല്ല ഫ്‌ളുവെന്റായിരുന്നെന്നും ഇംഗ്ലീഷില്‍ അത്രക്ക് ആത്മവിശ്വാസമില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് തീരുമാനിച്ചെന്നും ഒരുപാട് തവണ പരിശീലിച്ചെന്നും സൈജു കുറുപ്പ് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഉദ്ദേശിച്ച കാര്യമല്ല വായില്‍ നിന്ന് വന്നതെന്നും അത് താന്‍ ഒരിക്കലും മറക്കില്ലെന്നും താരം പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘മണിരത്‌നം സാറിനോട് ചാന്‍സ് ചോദിച്ചത് ജീവിതത്തിലൊരിക്കലും മറക്കില്ല. ഒരു പരിപാടിക്കിടെയാണ് ഞാന്‍ ആദ്യമായി മണിരത്‌നം സാറിനെ കാണുന്നത്. എങ്ങനെയെങ്കിലും സാറിന്റെ സിനിമയില്‍ ചാന്‍സ് ചോദിക്കണമെന്ന് തീരുമാനിച്ചു. ഇത് എങ്ങനെ സാറുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഞാന്‍ വലിയ കണ്‍ഫ്യൂഷനിലായി.
ഞാനാണെങ്കില്‍ ആ സമയത്ത് ഹിന്ദിയിലായിരുന്നു കൂടുതല്‍ ഫ്‌ളുവെന്റ്. പക്ഷേ, സാറിന് ഹിന്ദിയോട് അത്രക്ക് താത്പര്യമില്ലെന്ന് എനിക്കറിയാം. ഹിന്ദിയില്‍ സിനിമ ചെയ്തിട്ടുണ്ടെങ്കിലും ആ ഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. എനിക്ക് ഇംഗ്ലീഷില്‍ അത്രക്ക് കോണ്‍ഫിഡന്‍സില്ലായിരുന്നു. ഒടുക്കം ‘ഐ ലൈക്ക് ടു വര്‍ക്ക് വിത്ത് യൂ’ എന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്തു.
പിന്നീട് നോക്കിയപ്പോള്‍ സാറിനെ കാണാനില്ലായിരുന്നു. ഞാന്‍ കുറേ പരതി. പെട്ടെന്ന് സാര്‍ എന്റെ മുന്നില്‍ വന്നുനിന്നു. ഞാനും അദ്ദേഹവും സ്റ്റക്കായി. എന്ത് ചെയ്യുമെന്ന് അറിയില്ല. ഞാന്‍ പെട്ടെന്ന് ‘സാര്‍ ആര്‍ യൂ ലൈക്ക് ടു വര്‍ക്ക് വിത് മീ’ എന്ന് ചോദിച്ചു. എന്താണോ ചോദിക്കാനുദ്ദേശിച്ചത് അതിന്റെ നേര്‍ വിപരീതമായിരുന്നു വന്നത്. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന് മനസിലായി. ‘യെസ്’ എന്ന് പറഞ്ഞിട്ട് സാര്‍ പോയി. ഞാന്‍ ചാന്‍സ് ചോദിച്ചതുപോലെ വേറെയാരും അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ടാകില്ല,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup shares the experience of meeting with Maniratnam