മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രമായ മയൂഖത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു.
പ്രൊമോഷനുകള്‍ക്ക് പോകാന്‍ തനിക്ക് പലപ്പോഴും പേടിയാണെന്ന് പറയുകയാണ് സൈജു കുറുപ്പ്. ഇന്റര്‍വ്യൂ നല്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ തിയേറ്ററില്‍ പോയിട്ടുള്ള പ്രൊമോഷന്‍ തനിക്ക് അത്ര വശമില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു. ഷോ അവസാനിക്കുമ്പോള്‍ സര്‍പ്രൈസായി കയറിച്ചെല്ലുന്നത് പലപ്പോഴും തിരിച്ചടിയാകുമെന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു.
തങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ തിയേറ്ററിനകത്തെ ലൈറ്റ് കത്തിയില്ലെങ്കിലോ എന്ന് ചിന്തിക്കാറുണ്ടെന്നും അങ്ങനെ വന്നാല്‍ ആര്‍ക്കും തങ്ങളെ മനസിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ കഴിഞ്ഞ് എല്ലാവരും പോകുന്ന തിരക്കില്‍ അവരെ വീണ്ടും പിടിച്ചുനിര്‍ത്തുന്നതില്‍ ചിലര്‍ക്ക് ദേഷ്യമുണ്ടാകുമെന്നും താരം പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘സത്യം പറഞ്ഞാല്‍ പ്രൊമോഷനും തിയേറ്റര്‍ വിസിറ്റിനുമൊക്കെ പോകാന്‍ പേടിയുള്ളയാളാണ് ഞാന്‍. ഇന്റര്‍വ്യൂ കുഴപ്പമില്ല, പക്ഷേ, തിയേറ്റര്‍ വിസിറ്റ് എനിക്ക് ടെന്‍ഷന്‍ തരുന്ന ഏര്‍പ്പാടാണ്. പടം കളിക്കുന്ന തിയേറ്ററില്‍ സിനിമ അവസാനിക്കുമ്പോള്‍ നമ്മല്‍ കയറിച്ചെല്ലുന്നത് ചിലപ്പോള്‍ തിരിച്ചടിയായാലോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
ഉദാഹരണത്തിന്, ചില തിയേറ്ററുകളില്‍ ലൈറ്റൊന്നും ചിലപ്പോള്‍ വര്‍ക്ക് ചെയ്യില്ല. അപ്പോള്‍ നമ്മള്‍ കയറിച്ചെല്ലുന്ന സമയത്ത് ഈ ലൈറ്റ് കത്താതെയിരുന്നാല്‍ എന്താകും അവസ്ഥയെന്ന് ഇടക്കൊക്കെ ആലോചിക്കാറുണ്ട്. മാത്രമല്ല, രണ്ടരമണിക്കൂര്‍ സിനിമ കണ്ട് ഇനി വീട്ടില്‍ പോകാമെന്ന് വിചാരിച്ച് ഇരിക്കുന്ന ചിലരുണ്ടാകും അവര്‍ നമ്മളെ കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന് ആലോചിച്ച് ടെന്‍ഷനാകും.
അതിനെക്കാള്‍ എന്നെ പേടിപ്പെടുത്തുന്ന വേറൊരു കാര്യമുണ്ട്. നമ്മള്‍ ഇവരോട് ഇന്ററാക്ട് ചെയ്യണമല്ലോ. അപ്പോള്‍ ഈ സിനിമ കണ്ടവരോട് ‘പടം എങ്ങനെയുണ്ട്, ഇഷ്ടപ്പെട്ടോ’ എന്ന് ചോദിക്കുമ്പോള്‍ ആരെങ്കിലും നമ്മളെ ഒന്നുമല്ലാതാക്കാന്‍ വേണ്ടി ‘ഇഷ്ടപ്പെട്ടില്ല’ എന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. അതൊക്കെ എനിക്ക് പേടിയുള്ള കാര്യങ്ങളാണ്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup saying he afraid of Theatre visit during movie promotions