ഒരു നടന്‍ എന്ന നിലയില്‍ ഏത് റോളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്
Entertainment news
ഒരു നടന്‍ എന്ന നിലയില്‍ ഏത് റോളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്
ആദര്‍ശ് എം.കെ.
Monday, 21st February 2022, 6:11 pm
ഒരു രീതിയിലും കോമഡി ചെയ്ത് ഓവറാക്കരുത് എന്നത് എന്റെ സബ്‌കോണ്‍ഷ്യസ് മൈന്‍ഡില്‍ എപ്പോളും കിടക്കും. ഓവറാക്കിയാല്‍ പ്രശ്‌നമാവും എന്ന കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരുപാട് സട്ടിലും ആക്കാനും പറ്റില്ല. ഒരുപാട് സട്ടിലാക്കിയാല്‍ കോമഡി വര്‍ക്കാവുകയുമില്ല. അതുകൊണ്ടുതന്നെ ഒരു തിന്‍ ലൈനിലൂടെയാണ് കോമഡി കഥാപാത്രങ്ങള്‍ പോവുന്നത്.

സ്വന്തം കഴിവുകൊണ്ടും അഭിനയിച്ച കഥാപാത്രങ്ങല്‍ കൊണ്ടും മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രമായ മയൂഖത്തില്‍ നിന്നും നൂറാം ചിത്രമായ ഉപചാരപൂര്‍വം ഗുണ്ടജയനിലെത്തി നില്‍ക്കുന്ന സിനിമാ കരിയറില്‍ കൊമേഡിയനായും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളായും വെള്ളിത്തിരയിലെത്തിയ സൈജു മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്

തന്റെ പുതിയ ചിത്രമായ ഉപചാരപൂര്‍വം ഗുണ്ടജയന്റെ വിശേഷങ്ങളുമായി ഡൂള്‍ന്യൂസിനോട് മനസുതുറക്കുകയാണ് സൈജു.

 

നൂറാം സിനിമയില്‍ എത്തിനില്‍ക്കുയാണ് സൈജു കുറുപ്പിന്റെ കരിയര്‍. ഒരുപാട് കയറ്റിറക്കങ്ങളിലൂടെയും വ്യത്യസ്തമായ റോളുകളിലൂടെയും കടന്നുപോയ വര്‍ഷങ്ങളാണല്ലോ ഇത്. ഇപ്പോ ഒരു സ്വയം വിലയിരുത്തല്‍ ഘട്ടത്തിലൊക്കെ എത്തിനില്‍ക്കുകയാണോ?

എല്ലാ സിനിമ കഴിയുമ്പോഴും വിലയിരുത്തലുകള്‍ ഉണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ സിനിമ കണ്ടതിന് ശേഷം വിലയിരുത്തും. എന്താണ് ഈ സിനിമയില്‍ വന്ന പോരായ്മകള്‍, അടുത്ത സിനിമകളില്‍ ഈ പോരായ്മകള്‍ എങ്ങനെ ശരിയാക്കാന്‍ പറ്റും എന്നൊക്കെ. ചെയ്തു കഴിഞ്ഞ കഥാപാത്രങ്ങള്‍ ഇനി ശരിയാക്കാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് അടുത്ത സിനിമകളില്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഗുണ്ടജയന്‍ എന്റെ നൂറാമത്തെ സിനിമയാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. അതുകഴിഞ്ഞ് കുറച്ചു സിനിമകള്‍ കൂടെ ചെയ്തിട്ടുണ്ട്. അതില്‍ ഓരോന്നായി റിലാസാവും.

 

മയൂഖം എന്ന ആദ്യ ചിത്രത്തില്‍ നിന്നും ഗുണ്ട ജയന്‍ വരെ നോക്കുമ്പോള്‍ കോമഡി റോളുകളിലേക്ക് ചുവടുമാറ്റമാണ് പൊതുവെ സൈജുവിന്റെ കരിയറിലെ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടാറുള്ളത്. സൈജുവും അങ്ങനെ തന്നെയാണോ വിലയിരുത്തുന്നത് ? എന്താണ് സൈജു വഴിത്തിരിവായി കാണുന്നത് ?

ഹ്യൂമര്‍ മോഡിലുള്ള കഥാപാത്രം ആദ്യം ചെയ്തത് ട്രിവാന്‍ഡ്രം ലോഡ്ജിലാണ്. അതാണ് ബ്രേക്ക് ആയതും. അതുകൊണ്ട് ഭയങ്കര പുഷ് ആണ് എന്റെ കരിയറിന് കിട്ടിയത്. പക്ഷേ അതിന് ശേഷവും സീരിയസ് വേഷവും കോമഡി വേഷവും ഒരുപോലെയായിരുന്നു കിട്ടിയിരുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ചെയ്ത മൂന്ന് പടങ്ങളിലും അല്‍പം സീരിയസ് റോളായിരുന്നു കിട്ടിയത്. റെഡ് വൈന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകളിലൊക്കെ സീരീയിസ് കഥാപാത്രമായിരുന്നു.

I'm content with supporting roles: Saiju Kurup- Cinema express

പിന്നെ വെടിവഴിപാടിലാണ് ഒരു ഹ്യൂമര്‍ കഥാപാത്രം ചെയ്യുന്നത്. പിന്നെ ചെയ്ത 1983യില്‍ സീരിയസ് കഥാപാത്രമാണ്. അതിന് ശേഷം ആടില്‍ കോമഡി കഥാപാത്രമായിരുന്നു. അങ്ങനെ എല്ലാ ടൈപ്പ് കഥാപാത്രങ്ങളും കിട്ടുന്നുണ്ട്. കോമഡി ചെയ്തതുകൊണ്ടു മാത്രം എന്നെ കോമഡി കഥാപാത്രങ്ങളിലേക്ക് മാത്രം പ്ലേസ് ചെയ്യുന്നില്ല. ഒരു നടന്‍ എന്ന നിലയില്‍ കോമഡി റോളുകളും സീരിയിസ് ആയുള്ള സപ്പോര്‍ട്ടിംഗ് ആര്‍ടിസ്റ്റ് കഥാപാത്രങ്ങളും എന്നെ തേടി എത്തുന്നുണ്ട്.

 

സൈജുവിന്റെ ഹാസ്യങ്ങള്‍ക്ക് വളരെ സട്ടിലായ ഒരു ശൈലിയുണ്ട്. അത് ബോധപൂര്‍വ്വം രൂപപ്പെടുത്തിയതാണോ?

എന്റെ ഹ്യൂമര്‍ കഥാപാത്രങ്ങളെല്ലാം വെല്‍ റിട്ടണ്‍ ആണ്. അതില്‍ പറഞ്ഞിരിക്കുന്ന പോലെ ചെയ്തുപോയാല്‍ മാത്രം മതി, ആ കഥാപാത്രം നന്നാവും. ഒരു രീതിയിലും കോമഡി ചെയ്ത് ഓവറാക്കരുത് എന്നത് എന്റെ സബ്‌കോണ്‍ഷ്യസ് മൈന്‍ഡില്‍ എപ്പോളും കിടക്കും. ഓവറാക്കിയാല്‍ പ്രശ്‌നമാവും എന്ന കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം.

arakkal abu, mass dialogue - YouTube

എന്നാല്‍ ഒരുപാട് സട്ടിലും ആക്കാനും പറ്റില്ല. ഒരുപാട് സട്ടിലാക്കിയാല്‍ കോമഡി വര്‍ക്കാവുകയുമില്ല. അതുകൊണ്ടുതന്നെ ഒരു തിന്‍ ലൈനിലൂടെയാണ് കോമഡി കഥാപാത്രങ്ങള്‍ പോവുന്നത്. വെല്‍ റിട്ടണ്‍ ആയതുകൊണ്ടുതന്നെ സിറ്റ്വേഷനില്‍ തന്നെ ഹ്യൂമര്‍ ഉണ്ട്. നമ്മള്‍ അത് ഡീസന്റ് രീതിയില്‍ അവതരിപ്പിച്ചാല്‍ മാത്രം മതി അത് വര്‍ക്കൗട്ട് ആവും.

 

ഗുണ്ടജയന്റെ ഇതുവരെ വന്ന പാട്ടുകളില്‍ നിന്ന് കലിപ്പും തമാശയുമെല്ലാം ഇടകലര്‍ന്ന ഒരു കഥാപാത്രമായി തോന്നിയിരുന്നു? ശരിക്കും എങ്ങനെയാണ് ഈ കഥാപാത്രം ? ഈ സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഗുണ്ടജയന്‍ എന്ന കഥാപാത്രം വളരെ സീരിയസ് ആയ കഥാപാത്രമാണ്. അയാള്‍ കടന്നുപോവുന്ന സിറ്റ്വേഷനില്‍ കോമഡിയുണ്ട് ട്രാജഡിയുണ്ട് ട്വിസ്റ്റുകളുണ്ട് സസ്‌പെന്‍സുമുണ്ട്. ഗുണ്ടജയന്‍ ഒരു പഴയ ഗുണ്ടയായിരുന്നു, ഇപ്പോഴയാള്‍ ഫാമിലിമാന്‍ ആണ്. ജീവിക്കാന്‍ വേണ്ടി പലചരക്ക് കട നടത്തുകയാണ്. പക്ഷേ, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇയാലെ ഒരു ഭയമുണ്ട്.

ഇപ്പോള്‍ കലിപ്പന്‍ ആണെന്നേയുള്ളൂ, ആരെയും അടിക്കാനും പിടിക്കാനും പോവാറില്ല. പഴയൊരു ഗുണ്ടയായതുകൊണ്ടും ഒരു കലിപ്പനായതുകോണ്ടും നാട്ടുകാര്‍ക്ക് ഇപ്പോഴും ഇയാളെ പേടിയാണ്. അയാളുടെ സഹോദരിയുടെ മകളുടെ കല്യാണം അവളുടെ അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തിക്കൊടുക്കുന്നതാണ് സിനിമയുടെ പ്ലോട്ട്.

Upacharapoorvam Gunda Jayan (2022) - IMDb

ഗുണ്ടജയന്‍ എന്ന കഥാപാത്രത്തിന് അരുണ്‍ വേഗയുടെ മനസില്‍ മൂന്ന് ആളുകളുണ്ടായിരുന്നു. മറ്റ് രണ്ട് പേര്‍ക്കും ഡേറ്റ് മാച്ച് ആവാതെ വരികയായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം എന്റെയടുത്തേക്കെത്തുന്നത്. എന്നോട് പുള്ളി പറഞ്ഞതും ഗുണ്ടജയന്‍ ഒരു സംരക്ഷകന്‍ ആണെന്നാണ്. പക്ഷേ വീട്ടുകാര്‍ക്ക് അടുക്കാന്‍ പേടിയാണ്, എന്നാല്‍ ഗുണ്ടജയന് അവരോട് ഭയങ്കര സ്‌നേഹമാണ്. അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ് ഗുണ്ടജയന്‍.

 

ദുല്‍ഖര്‍ സല്‍മാന്റെ വേഫേയ്‌റര്‍ ഫിലിംസാണ് ഗുണ്ട ജയന്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവായ ദുല്‍ഖറിനൊപ്പമുള്ള അനുഭവം?

ദുല്‍ഖര്‍ ഒരു ഭയങ്കര പ്രൊഡ്യൂസറാണ്. നമുക്ക് ഒരു രീതിയിലുമുള്ള ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും സ്മൂത്തായി തന്നെ പോയി. വളരെ നല്ല രീതിയില്‍ പുറത്തിറക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ക്കെല്ലാവരുടെയും ആഗ്രഹം. തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി ഡിസൈന്‍ ചെയ്ത സിനിമയാണ് ഗുണ്ടജയന്‍.

തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്ന പോലെ അല്ലെങ്കില്‍ അവിടെയിരുന്ന് സദ്യ കഴിക്കുന്ന പോലെ തോന്നണം. അങ്ങനെയാണ് ചിത്രത്തിന്റെ സൗണ്ട് അടക്കം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നമ്മളെല്ലാവരുടെയും ദുല്‍ഖറിന്റെയും ആഗ്രഹം പോലെ സിനിമ തിയേറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഉറപ്പായും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. ദുല്‍ഖറും മമ്മൂട്ടി സാറും വൈഫും ഒക്കെ സിനിമ കണ്ടിരിന്നു. നല്ല അഭിപ്രായങ്ങളായിരുന്നു അവര്‍ പറഞ്ഞത്.

 

ഗുണ്ടജയന്‍ ടീമിനൊപ്പമുള്ള അനുഭവം?

ഗുണ്ട ജയന്‍ ടീം ഒരു മനോഹരമായ ടീമായിരുന്നു. എല്ലാ ദിവസവും ഒരു നൂറ്റമ്പത് പേരോളം ആ സിനിമയുടെ ഭാഗമായിരുന്നു. കൊവിഡ് ഇന്ത്യയില്‍ വരുന്നതിന് മുന്‍പ് ഷൂട്ട് ചെയ്ത സിനിമയാണ്. ആ സമയത്ത് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ക്രൗഡിനെ വെച്ചു തന്നെയാണ് ഷൂട്ട് ചെയ്തത്. ഒരുപാട് പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ ഗ്രേറ്റ് പെര്‍ഫോമേഴ്‌സുമാണ്.

ടിക് ടോക്കില്‍ ഉണ്ടായിരുന്ന ഒരുപാട് പേരെ അങ്ങോട്ട് കോണ്‍ടാക്ട് ചെയ്ത്, അവരില്‍ നിന്നും ഓഡീഷന്‍ നടത്തിയാണ് പലരെയും സെലക്ട് ചെയ്തത്. ചേര്‍ത്തലയിലെ വയലാര്‍ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. അവിടുത്തെ അഭിനയിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ ചേച്ചിമാരെയും ഓഡീഷന്‍ നടത്തി സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടുണ്ട്. അവരുംകൂടെ ഉള്ളതുകാരണം ഭയങ്കര ഒരു നേറ്റിവിറ്റി നമുക്ക് ഫീല്‍ ചെയ്യും.

 

അല്‍പം ക്ലീഷേയാണ്, ചെയ്തതില്‍ ഏറ്റവും മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം ഏതാണ് ? വെല്ലുവിളി നിറഞ്ഞ കഥാപാത്രമോ?

വെല്ലുവിളി നിറഞ്ഞ കഥാപാത്രം അല്ലെങ്കില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം എന്ന പറയുന്നത് എന്റെ ആദ്യ സിനിമയിലെ ഉണ്ണി കേശവന്‍ തന്നെയാണ്. എന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. അതുകൊണ്ടു തന്നെ അത് വലിയ വെല്ലുവിളിയായിരുന്നു. അതുപോലെ തന്നെ ആ കഥാപാത്രത്തിന് രണ്ട് ഷെയ്ഡ്‌സുണ്ട്. ഫസ്റ്റ് ഹാഫില്‍ നെഗറ്റീവായ, താന്തോന്നിയായ ഒരാളും സെക്കന്റ് ഹാഫില്‍ അയാളുടെ ഒരു ട്രാന്‍സ്‌ഫോര്‍മേഷനുമാണ്. മയൂഖത്തിലെ ഉണ്ണി കേശവന്‍ തന്നെയാണ് ക്ലോസ് റ്റു മൈ ഹാര്‍ട്ട്.

Mayookham

 

സൈജുവിന്റെ പുതിയ ചിത്രങ്ങള്‍ ? പ്രതീക്ഷകള്‍ ?

അന്താക്ഷരി എന്ന ഒരു സൈക്കോ ത്രില്ലര്‍ ആണ് റിലീസാവാനുള്ളത്. പിന്നെ ലളിതം സുന്ദരം, തീര്‍പ്പ്, പല്ലോട്ടി, രജനി, ഗോള്‍ഡ്, ട്വല്‍ത്ത് മാന്‍, പ്രകാശന്‍ പറക്കട്ടെ, മധുരം ജീവാമൃത ബിന്ദു എന്ന ആന്തോളജിയിലെ ജസി ഇങ്ങനെ കുറച്ച് സിനിമകളാണ് വരാനുള്ളത്.

 

Content highlight:  Saiju Kurup exclusive interview with Doolnews

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.