'പരാതിക്കാരന്റെ സാങ്കല്‍പിക കഥ' സെയ്ഫ് അലി ഖാനെ പരിക്കേൽപ്പിച്ച പ്രതി ജ്യാമാപേക്ഷ സമര്‍പ്പിച്ചു
India
'പരാതിക്കാരന്റെ സാങ്കല്‍പിക കഥ' സെയ്ഫ് അലി ഖാനെ പരിക്കേൽപ്പിച്ച പ്രതി ജ്യാമാപേക്ഷ സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 1:27 pm

മുബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശി പൗരന്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ ഒരു സാങ്കല്‍പ്പിക കഥയാണെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മെട്രോപോളിസിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ഇയാള്‍.

ഈ വര്‍ഷം ജനുവരി 16ആണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് സെയ്ഫ് അലി ഖാന് നേരെ ആക്രമണം നടന്നിരുന്നത്. ആക്രമി സെയ്ഫ് അലി ഖാനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പിന്നീട് ലീലാവതി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. നട്ടെല്ലിന്റെ ഭാഗത്ത് ഉള്‍പ്പെടെ ആറ് മുറിവുകളായിരുന്നു സെയ്ഫിന്റെ ശരീരത്ത് ഉണ്ടായിരുന്നത്. അഞ്ച് ദിവസത്തെ വാസത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

അഭിഭാഷകനായ വിപുല്‍ ദുഷിങ് മുഖേന വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍, താന്‍ നിരപരാധിയാണെന്നും തനിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതി വാദിച്ചു.

സംഭവത്തിലെ അന്വേഷണം പ്രായോഗികമായി അവസാനിച്ചുവെന്നും കുറ്റപത്രം സമര്‍പ്പിക്കല്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ ഹരജിയില്‍ പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങളും കോള്‍ രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്റെ പക്കലുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഹരജിയില്‍ പറഞ്ഞു.

ഇപ്പോഴത്തെ എഫ്.ഐ.ആര്‍ പരാതിക്കാരന്റെ സാങ്കല്‍പ്പിക കഥ മാത്രമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്) യുടെ സെക്ഷന്‍ 47 പ്രകാരം അറസ്റ്റിലായ വ്യക്തിയുടെ അറസ്റ്റിന്റെ കാരണവും ജാമ്യത്തിനുള്ള അവകാശവും അറിയിക്കണമെന്നാണ് നിയമം. ഇത് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിന്റെ നിയമസാധുതയെക്കുറിച്ചും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം കേസ് ജൂലൈ 21ലേക്ക് മാറ്റിവെച്ചു.

Content Highlight: Saif Ali Khan Stabbing Case: Accused Seeks Bail