ഫഹദിന്റെ പെയറായി സായ് പല്ലവി പുഷ്പയില്‍; നെഗറ്റീവ് റോളിലെത്തിയാല്‍ കലക്കുമെന്ന് ആരാധകര്‍
Entertainment news
ഫഹദിന്റെ പെയറായി സായ് പല്ലവി പുഷ്പയില്‍; നെഗറ്റീവ് റോളിലെത്തിയാല്‍ കലക്കുമെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th March 2023, 9:34 pm

അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസായത് 2021ലായിരുന്നു. ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

പുഷ്പ 2ല്‍ സായ് പല്ലവിയും ഉണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വില്ലനായ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് സായ് പല്ലവി പുഷ്പയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളില്‍ സായ് പല്ലവി സെറ്റില്‍ എത്തി ചേരുകയും ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്യും എന്നാണ് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുഷ്പ 2ല്‍ സായ് പല്ലവി എത്തുന്ന വിവരം ഇതിനകം നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കഴിഞ്ഞു.

‘സായ് പല്ലവി ചിത്രത്തില്‍ എത്തുന്നുണ്ടെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ശരിക്കും ആവേശകരമായിരിക്കും. താരം ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കില്‍ അത് കൂടുതല്‍ രസകരമായിരിക്കും’ എന്നാണ് ഒരാളുടെ പോസ്റ്റ്. അല്ലു അര്‍ജുനും സായ് പല്ലവിയും ഒന്നിച്ചുള്ള ഡാന്‍സിന് വേണ്ടിയുള്ള തങ്ങളുടെ പ്രതീക്ഷകളും ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ ഇതാദ്യമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പുഷ്പ 2ല്‍ രശ്മിക മന്ദാന, അനസൂയ ഭരദ്വാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അല്ലു അര്‍ജുന്‍ അടുത്തിടെ വിശാഖപട്ടണത്ത് പുഷ്പ 2 ന്റെ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിരുന്നു. അവിടെവെച്ചാണ് ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിച്ചത്. ആദ്യ ഭാഗത്തിന്റെ അവസാനത്തില്‍ കണ്ടതുപോലെ അല്ലു അര്‍ജുനും ഫഹദ് ഫാസിലും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് രണ്ടാം ഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

content highlight: Sai Pallavi reportedly joins Allu Arjun’s Pushpa 2