ഇതിലും വലിയ ഉഡായിപ്പ് കഥാപാത്രം മലയാളത്തില്‍ വേറെ കാണില്ല, അഭിനയിച്ചില്ലെങ്കിലും മോഹിനിയാട്ടത്തില്‍ നിറഞ്ഞുനിന്ന ഭരതന്‍ നായര്‍
Malayalam Cinema
ഇതിലും വലിയ ഉഡായിപ്പ് കഥാപാത്രം മലയാളത്തില്‍ വേറെ കാണില്ല, അഭിനയിച്ചില്ലെങ്കിലും മോഹിനിയാട്ടത്തില്‍ നിറഞ്ഞുനിന്ന ഭരതന്‍ നായര്‍
അമര്‍നാഥ് എം.
Sunday, 12th April 2026, 12:37 pm

ആദ്യഭാഗം തിയേറ്ററില്‍ പരാജയമായിരുന്നിട്ടും ഒ.ടി.ടി റിലീസിന് ശേഷം ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഭരതനാട്യം. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫീല്‍ ഗുഡ് കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമില്‍ ഏറ്റവുമധികം തവണ സ്ട്രീം ചെയ്ത ചിത്രമായി ഭരതനാട്യം മാറി.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മോഹിനിയാട്ടമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഭരതനാട്യത്തില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് ഹ്യൂമറിലൂടെയാണ് മോഹിനിയാട്ടം കഥപറഞ്ഞുപോകുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമെന്ന് മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം.

ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങള്‍ കൂടി മോഹിനിയാട്ടത്തില്‍ കടന്നുവരുന്നുണ്ട്. ഓരോരുത്തരും അവരുടെ ഭാഗം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, നിസ്താര്‍ സേട്ട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെല്ലാം പരമാവധി സ്‌കോര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു സീനില്‍ പോലും പ്രത്യക്ഷപ്പെടാതെ കൈയടി നേടിയത് സായ് കുമാര്‍ അവതരിപ്പിച്ച ഭരതന്‍ നായരാണ്.

ഭരതന്‍ നായരുടെ ഫോട്ടോ മാത്രമേ ചിത്രത്തില്‍ കാണിക്കുന്നുള്ളൂ. എന്നാല്‍ ആദ്യഭാഗത്തില്‍ കണ്ട ഒന്നും ചെയ്യാനാകാത്ത നിസഹായനല്ല ഈ കഥാപാത്രമെന്ന് മോഹിനിയാട്ടത്തില്‍ സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. ആയ കാലത്ത് ഭരതന്‍ നായര്‍ ചെയ്തുവെച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമ്പോള്‍ ശശിധരനെപ്പോലെ പ്രേക്ഷകരും ഞെട്ടിയെന്ന് ഉറപ്പാണ്.

ഭരതനാട്യത്തില്‍ രണ്ട് വീട്ടുകാരെ മാത്രമാണ് ഭരതന്‍ നായര്‍ പറ്റിച്ചത്. എന്നാല്‍ മോഹിനിയാട്ടത്തിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഒരു നാടിനെ തന്നെ പറ്റിച്ചിരിക്കുകയാണ്. എന്ത് പറഞ്ഞാണ് പറ്റിച്ചതെന്ന് അറിയുമ്പോള്‍ എല്ലാവരും ഒരുപോലെ അന്തംവിടുന്നുണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിഷയമായിരുന്നിട്ടും അതിനെ തമാശരൂപത്തില്‍ അവതരിപ്പിച്ചത് സംവിധായകന്റെ ബ്രില്യന്‍സാണ്.

സ്വന്തം നാട്ടിലും ജോലിസ്ഥലത്തും മാന്യനെന്ന ഇമേജ് അവസാനം വരെ നിലനിര്‍ത്തിയ ഭരതന്‍ നായര്‍ എത്രമാത്രം കുടിലബുദ്ധിയുള്ള ആളാണെന്ന് സിനിമ തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ സംവിധായകന്‍ വരച്ചുകാണിക്കുന്നുണ്ട്. ഭരതന്‍ നായര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ കാരണം പണികിട്ടുന്ന കുടുംബം അതില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ കഥ.

ആദ്യഭാഗത്തില്‍ കട്ടിലില്‍ കിടന്നും വീല്‍ ചെയറിലിരുന്നും ചിരിപ്പിച്ച ഭരതന്‍ നായര്‍ സെക്കന്‍ഡ് പാര്‍ട്ടില്‍ ഫോട്ടോയിലൂടെ മാത്രം ചിരിപ്പിക്കുന്നത് സിനിമയുടെ പ്രധാന പോസിറ്റീവുകളിലൊന്നാണ്.

Content Highlight: Sai Kumar getting claps in Mohiniyattam movie without acting

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം