എന്റെ മുഖത്തിന് വെല്ലോം പറ്റിയോടാ എന്ന് ചോദിച്ചായിരുന്നു മമ്മൂക്കയുടെ കരച്ചില്‍, പാട് കാണാതിരിക്കാന്‍ തലേക്കെട്ടും വെച്ച് അഭിനയിച്ചു: സായ് കുമാര്‍
Film News
എന്റെ മുഖത്തിന് വെല്ലോം പറ്റിയോടാ എന്ന് ചോദിച്ചായിരുന്നു മമ്മൂക്കയുടെ കരച്ചില്‍, പാട് കാണാതിരിക്കാന്‍ തലേക്കെട്ടും വെച്ച് അഭിനയിച്ചു: സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th March 2022, 9:37 pm

ഭീഷ്മ പര്‍വ്വത്തിലൂടെ മമ്മൂട്ടി മലയാളത്തിന്റെ തരംഗമായി മാറിയിരിക്കുന്ന സമയമാണിപ്പോള്‍. അഭിനയത്തോടുള്ള തന്റെ സമര്‍പ്പണവും പരിശ്രമവും കൊണ്ടും തന്നെയാണ് ഇപ്പോഴും അദ്ദേഹം മലയാളത്തിന്റെ മെഗാസ്റ്റാറായി നില്‍ക്കുന്നത്. വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് മമ്മൂട്ടി സിനിമയില്‍ മുഖം കാണിക്കുന്നത്. മേളയിലെ വിജയന്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ മമ്മൂട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളില്‍ അദ്ദേഹം നടനായും സഹനടനായും നായകനായും പയറ്റി തെളിഞ്ഞാണ് മലയാളസിനിമയുടെ മുന്നിലേക്കെത്തിയത്.

ഇതിനിടയില്‍ മുകേഷ് നായകനായ ചിത്രത്തില്‍ മമ്മൂട്ടി സഹനടനായും അഭിനയിച്ചിരുന്നു. ബലൂണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റി പറയുകയാണ് സായ് കുമാര്‍. അപകടത്തില്‍ അദ്ദേഹത്തിന്റെ മുഖത്തിന് പരുക്ക് പറ്റുകയും അത് മമ്മൂട്ടിക്ക് വലിയ ടെന്‍ഷനുണ്ടാക്കിയതായും സായ് കുമാര്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബലൂണ്‍ എന്ന സിനിമയില്‍ മമ്മൂക്ക സെക്കന്റ് ഹീറോയായിരുന്നു. ആ സിനിമയില്‍ മുകേഷ് നായകനും ശോഭ നായികയുമായിരുന്നു. ആ സിനിമക്കിടയില്‍ ഒരു ബുള്ളറ്റ് എടുത്തുകൊണ്ട് പോയിട്ട് അത് മറിഞ്ഞു. കയ്യും മുഖവുമൊക്കെ ഉരഞ്ഞു. എന്റെ മുഖത്തിന് വെല്ലോം പറ്റിയോടാ എന്ന് ചോദിച്ചായിരുന്നു മമ്മൂക്കയുടെ കരച്ചില്‍. എന്തൊരു ടെന്‍ഷനായിരുന്നു.

അത് ആള്‍ക്കാര് കാണാതിരിക്കാനായിട്ട് ഒരു തലേക്കെട്ട് ഒക്കെ കെട്ടി മറച്ചു. സിനിമയില്‍ പിന്നെ ആ തലേക്കെട്ടുമായാണ് അഭിനയിച്ചത്. സിനിമയില്‍ മമ്മൂക്ക ബലൂണ്‍ കച്ചവടക്കാരനായിരുന്നു. ഞാന്‍ അന്ന് ചെറുതായിരുന്നു. ഇത്ര ടെന്‍ഷനടിക്കണോ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അന്നത്തെക്കാള്‍ ചെറുപ്പമായി മമ്മൂക്ക ഇപ്പോഴുമിരിപ്പുണ്ട്,’ സായ് കുമാര്‍ പറഞ്ഞു.

ശ്രീലക്ഷ്മിപ്രിയ ശ്രീവിദ്യ കമ്പയിന്‍സിന്റെ ബാനറില്‍ കൃഷ്ണസ്വാമി റെഡ്ഡ്യാര്‍ നിര്‍മ്മിച്ച് 1982 ജനുവരി 8നു റിലീസ് ചെയ്ത ചിത്രമാണ് ബലൂണ്‍. മുകേഷിന്റെ ആദ്യ ചിത്രം കൂടിയാണ് ബലൂണ്‍. ടി.വി.കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിനിമ രവി ഗുപ്തനായിരുന്നു സംവിധാനം ചെയ്തത്.

തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി ശ്രീകുമാര്‍, ജലജ, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോന്‍, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങെ അവതരിപ്പിച്ചത്.

അതേസമയം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും തരംഗമാവുകയാണ്. കര്‍ണാടകയും ബംഗളൂരുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിറഞ്ഞ തിയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.


Content Highlight: sai kumar about an accident happend to mammootty in baloon movie