ആദ്യചിത്രം റിലീസാകുന്നതിന് മുന്നേ തന്നെ എട്ടോളം സിനിമകള്‍ തന്റെ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയ സംഗീത സംവിധായകനാണ് സായ് അഭ്യങ്കര്‍. മ്യൂസിക് വീഡിയോകളിലൂടെ തമിഴില്‍ സെന്‍സേഷനായി മാറാന്‍ സായ്ക്ക് സാധിച്ചു. അല്ലു അര്‍ജുന്‍- അറ്റ്‌ലീ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രവും ഈ ലൈനപ്പിലുണ്ട്.
തന്നെ ഏറെ സ്വാധീനിച്ച സംഗീതത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ് അഭ്യങ്കര്‍. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു സിനിമ കാണാനിട വന്നെന്ന് സായ് പറഞ്ഞു. ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയായിരുന്നു അതെന്നും ആ സിനിമയിലെ ‘കോണ്‍ഫീല്‍ഡ് ചെയ്‌സ്’ എന്ന ബി.ജി.എം കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ ബി.ജി.എം തന്നെ വല്ലാതെ സ്വാധീനിച്ചെന്നും പഠിത്തത്തില്‍ ശ്രദ്ധ കൊടുക്കാനാകാതെ വന്നെന്നും സായ് പറയുന്നു. എല്‍.സി.യുവിലെ അടുത്ത ചിത്രമായ ബെന്‍സിനെക്കുറിച്ചും സായ് സംസാരിക്കുന്നുണ്ട്. ഇതുവരെ വന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് താന്‍ ബെന്‍സിനായി ചെയ്യുന്നതെന്നും എല്‍.സി.യുവിലെ മറ്റ് സിനിമകളില്‍ നിന്ന് അത് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു സായ് അഭ്യങ്കര്‍.
‘എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴായിരുന്നു ഒരു സിനിമ കാണാനിടയായത്. അതിന്റെ പേര് ഇന്റര്‍സ്റ്റെല്ലാര്‍. ആ സിനിമയിലെ കോണ്‍ഫീല്‍ഡ് ചേസ് എന്ന ബി.ജി.എം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അത് കേട്ടപ്പോള്‍ പഠിക്കാന്‍ പോലും സാധിക്കാതെ ഫ്രസ്റ്റ്രേറ്റഡായി ഇരുന്നുപോയി. അത്രമാത്രം ഇംപാക്ട് ആ ഒരു മ്യൂസിക് എന്നില്‍ ഉണ്ടാക്കി.
സ്‌കൂളിലെ ലാബില്‍ ഇട്ട സിനിമയായിരുന്നു അത്. സിനിമയുടെ കഥയെക്കാള്‍ എന്റെ ശ്രദ്ധ പോയത് അതിന്റെ മ്യൂസിക്കിലേക്കായിരുന്നു ഹാന്‍സ് സിമ്മറിന്റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നായിരുന്നു അത്. ഡോക്കിങ് സീനിന് നല്‍കിയ ബി.ജി.എം ഒക്കെ ഒരു രക്ഷയുമില്ലാത്ത ഐറ്റമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അതുപോലൊന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ടായി.
എല്‍.സി.യുവിലെ അടുത്ത സിനിമയായ ബെന്‍സില്‍ വര്‍ക്ക് ചെയ്യുകയാണ്. ഇതിന് മുമ്പ് രണ്ട് മ്യൂസിക് ഡയറക്ടേഴ്‌സ് ഈ യൂണിവേഴ്‌സിന് വേണ്ടി സംഗീതം നല്‍കിയിട്ടുണ്ട്. അവര്‍ സെറ്റ് ചെയ്തുവെച്ച ഒരു ടൈപ്പുണ്ട്. ബെന്‍സിനെ ഞാന്‍ അപ്പ്രോച്ച് ചെയ്യുന്നത് വ്യത്യസ്തമായിട്ടായിരിക്കും. മറ്റ് രണ്ട് സിനിമകളില്‍ നിന്ന് കുറച്ച് വ്യത്യാസമുള്ള വര്‍ക്കായിരിക്കും ഇതില്‍,’ സായ് അഭ്യങ്കര്‍ പറഞ്ഞു.
Content Highlight: Sai Abhyankar saying Hans Zimmer’s music influenced him