തൊട്ടാലും പിടിച്ചാലും ഊറും ബ്ലഡ്, ബി.ജി.എം ഉണ്ടാക്കാന്‍ ഇത്രക്ക് ക്ഷാമമോ? ഡ്യൂഡില്‍ വിമര്‍ശനം നേരിട്ട് സായ് അഭ്യങ്കര്‍
Indian Cinema
തൊട്ടാലും പിടിച്ചാലും ഊറും ബ്ലഡ്, ബി.ജി.എം ഉണ്ടാക്കാന്‍ ഇത്രക്ക് ക്ഷാമമോ? ഡ്യൂഡില്‍ വിമര്‍ശനം നേരിട്ട് സായ് അഭ്യങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 3:53 pm

തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് തമിഴ് ചിത്രം ഡ്യൂഡ്. ദീപാവലി റിലീസായെത്തിയ ഡ്യൂഡ് 100 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. പ്രദീപിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി ഡ്യൂഡ് മാറി. മികച്ച മേക്കിങ്ങിലൊരുങ്ങിയ സിനിമ ട്രോള്‍ പേജുകളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

തമിഴില്‍ സെന്‍സേഷനായി മാറിയ സായ് അഭ്യങ്കറാണ് ഡ്യൂഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആല്‍ബം ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ്‌യുടെ സിനിമയിലേക്കുള്ള വരവ് വലിയ വാര്‍ത്തയായിരുന്നു. ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പ് ഏഴ് സിനിമകളില്‍ സായ് സംഗീതം നിര്‍വഹിക്കുകയായിരുന്നു. തമിഴില്‍ സായ്‌യുടെ അരങ്ങേറ്റം കൂടിയായിരുന്നു ഡ്യൂഡ്.

എന്നാല്‍ ഡ്യൂഡിനായി സായ് ഒരുക്കിയ സംഗീതമാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇരയായിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘ഊറും ബ്ലഡ്’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകളിലടക്കം ഈ ഗാനം ട്രെന്‍ഡായി മാറി. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനത്തെ തിരിച്ചും മറിച്ചുമാണ് സായ് ഓരോ സീനിലും ബി.ജി.എമ്മായി ഉപയോഗിച്ചിരിക്കുന്നത്.

റൊമാന്‍സ് സീനില്‍ ഈ ഗാനത്തിന്റെ സ്ലോ വേര്‍ഷന്‍ ഉപയോഗിച്ച സായ് ഇന്റര്‍വെല്‍ സീനില്‍ ഈ പാട്ടിനെ കോറസ് പാടുന്ന രീതിയില്‍ ഉപയോഗിച്ചു. ഇമോഷണല്‍ സീനിലും ഊറും ബ്ലഡിനെ മറ്റൊരു രീതിയിലാണ് സായ് ഉപയോഗിച്ചത്. കോമഡി രംഗങ്ങളിലടക്കം ‘ഊറും ബ്ലഡ്’ വേരിയേഷന്‍ ഉപയോഗിച്ചതോടെ സായ് ട്രോളന്മാരുടെ ഇരയായി മാറി.

‘പരീക്ഷക്ക് ഒരു പാഠം മാത്രം പഠിച്ച് എല്ലാ ചോദ്യത്തിനും ഉത്തരമെഴുതുന്ന ചങ്ക് എല്ലാ ക്ലാസിലും കാണും’, ‘കുട്ടിക്കാലത്ത് വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ഒരു പാട്ട് മാത്രം പഠിച്ച് അവര്‍ക്ക് പാടിക്കൊടുക്കുന്ന കുട്ടിയെപ്പോലെയുണ്ട്’, ‘ബി.ജി.എം ഉണ്ടാക്കാന്‍ അധികം കഷ്ടപ്പെട്ട് കാണില്ല’എന്നിങ്ങനെയാണ് തമിഴ് ട്രോള്‍ പേജുകള്‍ സായ് അഭ്യങ്കറിനെ ട്രോളുന്നത്.

എന്നാല്‍ ഇത്തരം ട്രോളുകള്‍ക്കെതിരെ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരേ പാട്ട് തന്നെ തിരിച്ചും മറിച്ചും ഇട്ടാലും അത് സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇന്റര്‍വെല്‍ സീനില്‍ സായ് ഒരുക്കിയ ബി.ജി.എം തിയേറ്ററില്‍ വന്‍ ഇംപാക്ടാണ് ഉണ്ടാക്കിയതെന്നാണ് സായ് ആരാധകരുടെ വാദം.

20ാം വയസില്‍ തമിഴിലെ സെന്‍സേഷനായി മാറിയ സായ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടുമെന്ന് ഉറപ്പാണെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. സായ്‌യുടെ ലൈനപ്പും അത് അടിവരയിടുന്നുണ്ട്. സൂര്യ നായകനാകുന്ന കറുപ്പ്, എല്‍.സി.യുവിലെ അടുത്ത ചിത്രം ബെന്‍സ്, കാര്‍ത്തിയുടെ മാര്‍ഷല്‍, അല്ലു അര്‍ജുന്‍ – അറ്റ്‌ലീ പ്രൊജക്ട് എന്നിവയില്‍ സായ് അഭ്യങ്കറാണ് സംഗീതമൊരുക്കുന്നത്.

Content Highlight: Sai Abhyankar getting trolls for his BGM in Dude movie