എഴുത്തുകാര്‍ക്കെതിരായ ആക്രമണം: കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി
Daily News
എഴുത്തുകാര്‍ക്കെതിരായ ആക്രമണം: കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2015, 3:19 pm

academy
ന്യൂദല്‍ഹി: എഴുത്തുകാര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി. മൂന്ന് പ്രമേയങ്ങളാണ് അക്കാദമി പാസാക്കിയത്. അതേ സമയം പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണമെന്ന് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു.

എഴുത്തുകാരുടെ കൊലപാതകങ്ങളിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് ചേര്‍ന്ന അക്കാദമിയുടെ അടിയന്തര യോഗത്തിലാണ് പ്രമേയങ്ങള്‍ പാസാക്കിയത്. അവാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചവര്‍ അത് തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ടും രാജ്യത്തെ സാംസ്‌ക്കാരിക ഫാസിസത്തെ അപലപിച്ചുകൊണ്ടും കൊല്ലപ്പെട്ട എഴുത്തുകാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുമാണ് മൂന്ന് പ്രമേയങ്ങള്‍ പാസാക്കിയത്.

അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളിലും എഴുത്തുകാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് ഒരു വിഭാഗം എഴുത്തുകാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പഌാര്‍ഡുകള്‍ കൈയിലേന്തിയും കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടിയുമാണ് എഴുത്തുകാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.

അക്കാദമിയുടെ ചെയര്‍മാനായ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാടെടുക്കണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്നും എഴുത്തുകാര്‍ ആവശ്യപ്പെട്ടു. എഴുത്തുകാരനും ചിന്തകനുമായ കല്‍ബുര്‍ഗി, നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ വധിക്കപ്പെട്ടതിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് 40 എഴുത്തുകാരാണ് ഇതുവരെ അവര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്.

എന്നാല്‍ സാഹിത്യകാരന്മാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും പുരസ്‌കാരങ്ങള്‍ മടക്കി നല്കുന്നത് രാജ്യത്തോടുള്ള അനാദരവാണെന്നുമാണ് എഴുത്തുകാര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരുടെ വാദം.