മലയാള സിനിമയില്‍ ‘ദൃശ്യം’ സൃഷ്ടിച്ച തരംഗം ചെറുതല്ല. ജോര്‍ജുകുട്ടിയും ഐ.ജി ഗീതാ പ്രഭാകറും തമ്മിലുള്ള ബുദ്ധിപരമായ പോരാട്ടമായിരുന്നു ആദ്യ രണ്ട് ഭാഗത്തിന്റേയും കാതല്‍ എങ്കില്‍, ചിത്രം മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
ആദ്യഭാഗത്തില്‍ പ്രേക്ഷകരുടെ ചോര തിളപ്പിച്ച ഒരു കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍. മൂന്നാം ഭാഗത്തിലും കഥാഗതിയെ സ്വാധീനിക്കുന്ന നിര്‍ണായക സാന്നിധ്യമായി സഹദേവന്‍ മാറുന്നുണ്ടെങ്കിലും അത് ട്രോള്‍ മെറ്റീരിയലായി മാറി.
ചിത്രത്തില്‍ സഹദേവന്‍ എന്ന കഥാപാത്രം ചെയ്യുന്ന ചില കാര്യങ്ങള്‍ ‘ലോജിക്കല്‍ പിഴവ്’ ആയാണ് പലരും എടുത്തുകാട്ടിയത്. ട്രോള്‍ പേജുകളിലെല്ലാം സഹദേവന്റെ പല നീക്കങ്ങളും ട്രോള്‍ ചെയ്യപ്പെട്ടു.
സിനിമയില്‍, ക്രൈം നടക്കുന്നതിന് മുന്‍പായി ജോര്‍ജുകുട്ടി പറമ്പില്‍ എന്തോ കുഴിച്ചിടുന്ന തരത്തിലുള്ള വീഡിയോ സഹദേവന്‍ തന്റെ മൊബൈല്‍ ഫോണില്‍ രഹസ്യമായി ഷൂട്ട് ചെയ്യുന്നുണ്ട്.
ജോര്‍ജുകുട്ടിയാണ് അവിരയുടെ ബോഡി മാറ്റിയതെന്ന് സ്ഥാപിക്കാന്‍ ഈ വീഡിയോ പൊലീസിന് മുന്നില്‍ ഒരു ‘ഡിജിറ്റല്‍ തെളിവായി’ കൊണ്ടുവരാനായിരുന്നു സഹദേവന്റെ പ്ലാന്‍.
എന്നാല്‍ കോടതി ഈ ഡിജിറ്റല്‍ എവിഡന്‍സ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ വീഡിയോ എടുത്ത തീയതിയും സമയവും മനസിലാകില്ലേയെന്ന ചോദ്യമായിരുന്നു പല പ്രേക്ഷകരും പങ്കുവെച്ചത്.
കൊലപാതകം നടക്കുന്നതിന് മുന്‍പാണ് ഈ വീഡിയോ എടുത്തതെന്ന് തെളിഞ്ഞാല്‍ അത് ജോര്‍ജുകുട്ടിയെ കുടുക്കാന്‍ സഹദേവന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് വ്യക്തമാവുകയും, സഹദേവന്‍ തന്നെ കേസില്‍ പ്രതിയാവുകയും ചെയ്യുന്ന ഘട്ടം വരില്ലേയെന്നും ജീത്തു ജോസഫിന് ഇവിടെ ലോജിക് തെറ്റിയോ എന്നായിരുന്നു പലരുടെയും സംശയം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ജീത്തു ജോസഫ് എന്ന മാസ്റ്റര്‍ ഡയറക്ടറുടെ കിടിലന്‍ ക്യാരക്ടര്‍ ഡിസൈന്‍ ബ്രില്ല്യന്‍സ് ആയിരുന്നു എന്ന് വിലയിരുത്തുകയാണ് ഒരു കൂട്ടം സിനിമാ പ്രേമികള്‍.
സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് സിനിമയുടെ പിഴവല്ല, മറിച്ച് സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ കൃത്യമായ സ്‌കെച്ചിങ് ആണെന്ന് മനസ്സിലാക്കാമെന്നാണ് ഇവര്‍ പറയുന്നത്. ഒന്നാം ഭാഗം മുതല്‍ക്കേ അമിത അഹങ്കാരവും എന്നാല്‍ അതേസമയം വലിയ ബുദ്ധിയൊന്നുമില്ലാത്തതുമായ ഒരു ‘മണ്ടന്‍’ പൊലീസ് ഓഫീസറായാണ് സഹദേവനെ കാണിച്ചിട്ടുള്ളത്.
ജോര്‍ജുകുട്ടിയോട് കടുത്ത പ്രതികാരവും, അവനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന വാശിയും മാത്രമാണ് സഹദേവന്റെ മനസ്സിലുള്ളത്. ഒരാളെ എങ്ങനെയെങ്കിലും കെണിയിലാക്കണം എന്ന ചിന്ത അമിതമാകുമ്പോള്‍, ഉള്ള ബുദ്ധി കൂടി പ്രവര്‍ത്തിക്കാതെ പോകുന്നത് സ്വാഭാവികമാണ്.
ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയെക്കുറിച്ചോ സൈബര്‍ സെല്ലിനെക്കുറിച്ചോ ചിന്തിക്കാനുള്ള വിവേകം ആ സമയത്ത് സഹദേവന്റെ ഈഗോയ്ക്ക് മുന്നില്‍ ഇല്ലാതാവുകയാണെന്നും തനിക്ക് കിട്ടിയ വലിയൊരു തെളിവ് എന്ന ആവേശത്തില്‍, അതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് ചിന്തിക്കാതെ ജോര്‍ജുകുട്ടിയെ പൂട്ടാന്‍ അയാള്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
ലോജിക്കല്‍ പിഴവ് എന്ന് തോന്നിച്ചേക്കാവുന്ന ഒരു സീനിലൂടെ സഹദേവന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ പ്രേക്ഷകന് കാണിച്ചുകൊടുക്കുകയായിരുന്നു ജിത്തു ജോസഫെന്നും ഇവര്‍ പറയുന്നു.
Content Highlight: Sahadevan, the ‘Classic Fool’: Audience Points out Logical Flaw in Digital Evidence
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.