സുരക്ഷിത നടപ്പാത: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അവസാന അവസരം നല്‍കി സുപ്രീം കോടതി
India
സുരക്ഷിത നടപ്പാത: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അവസാന അവസരം നല്‍കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd August 2025, 11:09 am

ന്യൂദല്‍ഹി: കാല്‍നടയാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും സംരക്ഷിതവും ഭിന്നശേഷി സൗഹൃദപരവുമായ നടപ്പാതകള്‍ നിര്‍മിക്കുന്നതിനുമുള്ള ഉത്തരവ് പാലിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അവസാന അവസരം നല്‍കി സുപ്രീം കോടതി. മാര്‍ഗരേഖയും ചട്ടങ്ങളും രൂപീകരിക്കാനുള്ള മെയ് 14ലെ ഉത്തരവ് പാലിക്കാനാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഉത്തരവ് നല്‍കിയത്. ഇതിനായി നാല് ആഴ്ചത്തെ സമയം നല്‍കി.

ഈ സമയത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അമിക്കസ് ക്യൂറിയുടെ സഹായത്തോടെ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ബെഞ്ച് പറഞ്ഞു.

നടപ്പാതകള്‍ ഉപയോഗിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഭാഗമാണെന്ന മെയ് മാസത്തിലെ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ജസ്റ്റിസ് ഉജ്യല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിയോടൊപ്പമാണ് ചട്ടങ്ങളും മാര്‍ഗരേഖയും രൂപീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാല്‍നടയാത്രക്കാര്‍ക്ക് ഫുഡ്പാത്തുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഉറപ്പ് നല്‍കണമെന്നും ഇത് അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. നടപാതകളുടെ അഭാവത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡുകളില്‍ നടക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് അപകടത്തിന് കാരണമാകുന്നുവെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

കേന്ദ്രവും പല സംസ്ഥാനങ്ങളും ഈ ഉത്തരവ് പാലിച്ചില്ലെന്ന് ഗൗരവ് അഗര്‍വാള്‍, ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, ആര്‍. മഹാദേവന്‍ മുമ്പാകെ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകള്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിന് വേണ്ടി സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സാപ്രെയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് നിലവില്‍ വന്നുകഴിഞ്ഞാല്‍, അത് നടപ്പിലാക്കാനും നിരീക്ഷിക്കാനും കമ്മിറ്റിക്ക് കഴിയുമെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

പൗരന്മാരുടെ ഉപയോഗത്തിനായി നടപ്പാതകള്‍, വൈകല്യമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള നടപ്പാതകള്‍ നിര്‍മിക്കുക, നടപ്പാതകളിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുക എന്നീ നിര്‍ദേശങ്ങള്‍ സുപ്രിംകോടതിയുടെ ഉത്തരവിന്റെ പ്രധാന ഭാഗമാണെന്ന് നിരീക്ഷിച്ച ബഞ്ച് മൂന്ന് പ്രധാന വിഷയങ്ങളിലും കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയോ അല്ലെങ്കില്‍ കേന്ദ്രത്തിന്റെ മാര്‍ഗരേഖ സ്വീകരിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

Content Highlight: Safe footpath: Supreme Court gives last chance to Centre and states