മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായത്: സാദിഖലി തങ്ങള്‍
Kerala News
മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായത്: സാദിഖലി തങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th September 2025, 9:02 pm

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐ.എന്‍.എല്‍ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയിലാണ് ഐ.എന്‍.എല്‍ രൂപീകൃതമായതെന്ന ഒറ്റ വരി പ്രസ്താവനയാണ് സാദിഖലി തങ്ങള്‍ നടത്തിയത്.

‘മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായത്. അങ്ങനെ കണ്ടാല്‍ മതി നിങ്ങള്‍,’ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കിയത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമര്‍ശിക്കവെയാണ് പ്രതിപക്ഷ നേതാവ് ഐ.എന്‍.എല്ലിനെയും പരാമര്‍ശിച്ചത്.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞ് അവര്‍ക്ക് പിന്നാലെ നടന്ന സി.പി.ഐ.എം ഇപ്പോള്‍ ലീഗിന്റെ മതേതര നിലപാടിന് എതിരെ നിന്ന ഐ.എന്‍.എല്ലിനെ കക്ഷത്ത് വെച്ച് നടക്കുകയാണെന്നായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്.

‘സി.പി.ഐ.എം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാര്‍ട്ടി ആണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐ.എന്‍.എല്‍. ഐ.എന്‍.എല്ലിനെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. അവര്‍ വേറെ പണി നോക്കിയാല്‍ മതി’, എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ.എന്‍.എല്ലും രംഗത്തെത്തിയിരുന്നു. ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുമ്പില്‍ കുമ്പിട്ടുനിന്ന വി.ഡി. സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു ഐ.എന്‍.എല്ലിന്റെ മറുപടി.

‘ആര്‍.എസ്. എസ് സ്ഥാപക നേതാക്കളുടെ ഫോട്ടോ കാണുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന വി.ഡി. സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. മൂന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളെ അടുത്തറിഞ്ഞവരാണ് കേരളീയ പൊതു സമൂഹം, അവരോടുള്ള താങ്കളുടെ ഉണ്ടയില്ലാ വെടി സ്വന്തം ആസനത്തിലാണ് തറയ്ക്കുന്നതെന്ന ഓര്‍മ വേണം.

സംഘപരിവാറിനെതിരെ സന്ധിയില്ലാസമരം നയിച്ച സേട്ട് സാഹിബിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, താങ്കളുടെ വര്‍ഗീയ മനസ്സിന് മാപ്പില്ല,’ എന്നായിരുന്നു  നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ അസീസ് പറഞ്ഞത്.

 

Content Highlight: Sadiqali Thangal responds to VD Satheesan’s statement against INL