V S Achuthanandan: ആശയാദര്‍ശങ്ങളെ എല്ലായ്‌പ്പോഴും മുറുകെ പിടിച്ച നേതാവ്; അനുസ്മരിച്ച് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
Kerala News
V S Achuthanandan: ആശയാദര്‍ശങ്ങളെ എല്ലായ്‌പ്പോഴും മുറുകെ പിടിച്ച നേതാവ്; അനുസ്മരിച്ച് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 5:20 pm

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പ്രവര്‍ത്തന മേഖലകളുടെ ഓരോ ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും ആദര്‍ശങ്ങളെയും മുറുകെ പിടിച്ച നേതാവായിരുന്നു വി.എസ്. എന്നും സാദിഖലി തങ്ങള്‍ അനുസ്മരിച്ചു.

നമ്മുടെ കാലഘട്ടത്തിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തും മുഖ്യമന്ത്രി പദവി വരെയുമെത്തി. കൈകാര്യം ചെയ്ത ഓരോ മേഖലകളിലും തന്റെ ആദര്‍ശങ്ങളെ അദ്ദേഹം മുറുകെ പിടിച്ചു. സാധാരണക്കാരനോട് എന്നും ചേര്‍ന്നുനില്‍ക്കുന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെത്. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ഏറെ ആദരവ് നേടിയെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്നും പാര്‍ട്ടിയുടെയും സി.പി.ഐ.എം അനുയായികളുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

രാഷ്ട്രീയപരമായ ആശയവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും എന്നും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു വി.എസ് എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും വി.എസിന് തന്റേതായ ശൈലിയുണ്ടായിരുന്നു. ഏറ്റവും വ്യത്യസ്തനായ നേതാവായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍ മുറുകെ പിടിച്ച കമ്മ്യൂണിസ്റ്റ് ആശയാദര്‍ശങ്ങള്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും മുറുകെ പിടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നഷ്ടമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകീട്ട് മൂന്നേ കാലോടെയാണ് വി.എസ്.അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും കോണ്‍ഗ്രസ് നേതാവായ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുവരും. രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

 

 

Content Highlight: Sadiq Ali Thangal and PK Kunjalikkutty pays tribute to VS Achuthanandan