പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്താം, മൗനം വിദ്വാന് ഭൂഷണം: സാദിഖലി ശിഹാബ് തങ്ങള്‍
Kerala News
പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്താം, മൗനം വിദ്വാന് ഭൂഷണം: സാദിഖലി ശിഹാബ് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 6:40 pm

 

മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി ഇടയ്ക്കിടെ ഓരോന്ന് പറയുന്നത് താന്‍ ഗൗരവത്തിലെടുക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണെന്നും സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കേരളത്തിലുള്ളത് പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ്. അതുകൊണ്ടാണ് പലയിടത്തും പല കാര്യങ്ങളും പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്തുന്നതാണ് നല്ലതെന്നും അല്ലാതെ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ അവസരത്തില്‍ അര്‍ത്ഥവത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമും രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം ഭേദമാകുമെന്നുമായിരുന്നു സലാമിന്റെ വിമര്‍ശനം.

മലപ്പുറത്തെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

 

തന്റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുവെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു സമുദായത്തിനും എതിരല്ലെന്നും പക്ഷേ സാമൂഹിക നീതിക്ക് വേണ്ടി താന്‍ എന്നും സംസാരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോലം കത്തിച്ചാലും തന്നെ കത്തിച്ചാലും താന്‍ നിലപാടില്‍ നിന്ന് മാറില്ലെന്നും കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവനാണ്. പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ജനാധിപത്യം ഇവിടെ മരിച്ചുപോയെന്നും ഇവിടെ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. വര്‍ഗീയത പരത്തുന്നതില്‍ എനിക്കെതിരെ കേസെടുത്തോളുവെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

 

Content Highlight: Sadiq Ali Shihab Thangal slams Vellappally Natesan