മണിച്ചേട്ടന്റെ നായികയാവാന്‍ ആരും തയ്യാറായില്ല, അതുകൊണ്ടാണ് എനിക്ക് അവസരം ലഭിച്ചത്: സാധിക വേണുഗോപാല്‍
Film News
മണിച്ചേട്ടന്റെ നായികയാവാന്‍ ആരും തയ്യാറായില്ല, അതുകൊണ്ടാണ് എനിക്ക് അവസരം ലഭിച്ചത്: സാധിക വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th August 2023, 1:07 pm

എം.എല്‍.എ. മണി എന്ന ചിത്രത്തില്‍ നായികയായതിനെ പറ്റി സംസാരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. മറ്റാരും മണിയുടെ ചിത്രത്തില്‍ നായികയാവാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചതെന്ന് സാധിക പറഞ്ഞു. മണിച്ചേട്ടനാണ് നായകന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് വിളിച്ചപ്പോള്‍ ചോദിച്ചിരുന്നുവെന്നും തനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞതെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞു.

‘മണിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരുന്നതുകൊണ്ടാണ് എം.എല്‍.എ. മണിയിലെ നായികാ കഥാപാത്രം എനിക്ക് കിട്ടിയത്. മണിച്ചേട്ടനാണ് നായകന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് വിളിച്ചപ്പോള്‍ ചോദിച്ചിരുന്നു. എന്താ പ്രശ്‌നം എനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞത്. എനിക്ക് ഒരു ചാന്‍സ് കിട്ടുകയല്ലേ.

പിന്നെ മണിച്ചേട്ടനെ പോലെ ഒരു ആക്ടറിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. കാരണം ഞാന്‍ സിനിമയിലേക്ക് അന്ന് അങ്ങനെ എത്തിയിട്ടുമില്ല. ഞാന്‍ കണ്ട ബ്രില്യന്റായ ആക്ടറാണ് മണിച്ചേട്ടന്‍. ഡാന്‍സിന് ഡാന്‍സ്, പാട്ടിന് പാട്ട്, എന്തിനാണെങ്കിലും ഓള്‍ ഇന്‍ ഓളാണ്. പുള്ളീടെ ഒരുപാട് സിനിമകള്‍ കണ്ട വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമായിരുന്നു.

നായികയാവാന്‍ എനിക്ക് അങ്ങനെ അവസരങ്ങള്‍ ലഭിക്കാറില്ല. ഈ സിനിമയിലേക്ക് വിളിച്ച് മണിച്ചേട്ടന്റെ നായികയാവുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുമോ എന്ന് ഞാനും ആലോചിക്കുന്നത്. ഈ പ്രൊഫഷനില്‍ നില്‍ക്കുമ്പോള്‍ ആക്ട് ചെയ്യുക എന്നുള്ളതാണല്ലോ. ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തി ഇന്ന ആളാണ് എന്ന് പറയുമ്പോള്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറയുന്നതെങ്ങനെയാണെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്.

ആരാണ് നോ പറഞ്ഞതെന്ന് പിന്നെ ഞാന്‍ അന്വേഷിച്ചില്ല. എനിക്ക് തന്ന ജോലി എന്താണോ അവിടെ പോവുക, അത് ചെയ്യുക, തിരിച്ചുവരുക. സിനിമയില്‍ ഇപ്പോഴും സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണ് ഞാന്‍. എന്നോട് ചിലര്‍ മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ ചോദിക്കാറുണ്ട്. അപ്പോള്‍ കാണുന്ന ആളുകളോട് ഒരു ഇഷ്ടം തോന്നുന്നതല്ലാതെ പിന്നീട് അതൊരു സൗഹൃദമായി നിലനിര്‍ത്താന്‍ തോന്നിയിട്ടില്ല,’ സാധിക പറഞ്ഞു.

Content Highlight: Sadhika Venugopal talks about Kalabhavan Mani