സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.
ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. അജിത് അഗാര്‍ക്കര്‍ സെലക്ടറാവാന്‍ കാരണം സഞ്ജുവാണെന്നാണ് രമേശ് അഭിപ്രായപ്പെട്ടത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനം മുന്‍നിര്‍ത്തിയാണ് രമേശ് സംസാരിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘സഞ്ജു സാംസണെ ടീമില്‍ നിന്നും പുറത്താക്കിയ അഗാര്‍ക്കര്‍ ഇപ്പോള്‍ എക്സ്റ്റന്‍ഷന്‍ കാലാവധിയിലാണ്. അദ്ദേഹത്തിന്റെ ടി-20 കരാര്‍ ജൂണില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ആ കാലാവധി നീട്ടി. ആ വിജയത്തില്‍ സഞ്ജുവും നിര്‍ണായകമായ പങ്കുവഹിച്ചു. അഗാര്‍ക്കര്‍ സെലക്ടര്‍ ആക്കുന്നതിലും സഞ്ജുവിന്റെ പ്രകടനം ഒരു കരണമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ഒരു താരത്തെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഒഴിവാക്കിയത് പലര്‍ക്കും കടുത്ത തീരുമാനമായാണ് തോന്നിയത്,’ സദഗോപന്‍ രമേശ് പറഞ്ഞു.
2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്.
മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു. ടി-20 ലോകകപ്പിലെ താരമായിട്ടും ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് ആരാധകരില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ഇന്ത്യക്കായി അരങ്ങേറിയിരുന്നത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.
Content Highlight: Sadagoppan Ramesh talks about Sanju Samson