അധികാര തര്‍ക്കമില്ല, നിലപാട് ഉടന്‍: സാബു എം. ജേക്കബ്
Kerala News
അധികാര തര്‍ക്കമില്ല, നിലപാട് ഉടന്‍: സാബു എം. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 7:40 am

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ.എ.പി – ട്വന്റി ട്വന്റി പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം. ജേക്കബ്. ഇരുപാര്‍ട്ടിയിലും ധാരണ ആയിട്ടുണ്ടെന്നും അധികാരത്തിനായി തമ്മില്‍ തര്‍ക്കം ഉണ്ടാകില്ലെന്നും സാബു പറഞ്ഞു.

ആര് വലുത് ആര് ചെറുത് എന്ന കാര്യത്തില്‍ ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ലെന്നും സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും പറഞ്ഞ സാബു, അച്ചടക്കം കര്‍ശനമായി നടപ്പിലാക്കാനുള്ള നേതൃത്വം തങ്ങള്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ആം ആദ്മി പാര്‍ട്ടി – ട്വന്റി ട്വന്റി സഖ്യം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി സംഘടിപ്പിച്ച ജനസംഗമം പരിപാടിയില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.

കേരളത്തിലും ആം ആദ്മിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും സത്യസന്ധത മാത്രം മതിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മിയുടെ വളര്‍ച്ച അതിവേഗമായിരുന്നെന്ന് പറഞ്ഞ കെജ്‌രിവാള്‍ ദല്‍ഹിക്ക് പിന്നാലെ പഞ്ചാബില്‍ അധികാരത്തിലെത്തിയതും സൂചിപ്പിച്ചു. സത്യസന്ധത മാത്രമാണ് ആവശ്യം. അഴിമതി ഇല്ലാതാക്കുകയാണ് ദല്‍ഹിയില്‍ ആദ്യം ചെയ്തതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്ററും കിറ്റക്സ് എം.ഡിയുമായ സാബു എം. ജേക്കബിനെ പ്രസംഗത്തില്‍ കെജ്‌രിവാള്‍ പുകഴ്ത്തിയിരുന്നു. പരിഭാഷകന്റെ ആവശ്യമില്ലല്ലോ എന്ന് ശ്രോതാക്കളോട് ചോദിച്ച് മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ ശേഷം ഹിന്ദിയിലാണ് അദ്ദേഹം സംസാരിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമുതല്‍ കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലും ഗോഡ്സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കെജ്‌രിവാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടേയും ട്വന്റി ട്വന്റിയും സഖ്യം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കുറി തെരഞ്ഞെടുപ്പിനില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കുകയായിരുന്നു.

Content Highlight: Sabu M Jacob Says AAP-Twenty Twenty will soon announce their stand in Thrikkakkara By election