ശബരിനാഥിന്റെ അറസ്റ്റ് ലോക്‌സഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ. മുരളീധരന്‍ എം.പി
Kerala News
ശബരിനാഥിന്റെ അറസ്റ്റ് ലോക്‌സഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ. മുരളീധരന്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 11:28 am

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഗൂഢാലോചനയില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരിനാഥിന് പിന്തുണയുമായി കെ. മുരളീധരന്‍ എം.പി. വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം.

‘കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവം ആയിരിക്കുന്നു. മുന്‍ എം.എല്‍.എ
കെ.എസ് ശബരിനാഥിന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പുനല്‍ക്കുന്ന മൗലിക അവകാശ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കി,’ കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാം എന്നത് തന്റെ ആശയം ആയിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പില്‍ ആശയം പങ്കുവച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച ശബരിനാഥന്‍ തന്നെപോലെയൊരു പൊതുപ്രവര്‍ത്തകന് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ചോദിച്ചു.

അതിനിടെ, യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയി സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു. നാല് വൈസ് പ്രസിഡന്റ്മാരും നാല് ജനറല്‍ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് ദേശിയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, ജനറല്‍ സെക്രട്ടറിമാരായ എം.പി. പ്രവീണ്‍, കെ.എ. ആബിദ് അലി, കെ.എസ്. അരുണ്‍, വി.പി. ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍, അനീഷ് കാട്ടാക്കട, പാളയം ശരത്, മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസന് കത്തയച്ചത്.

സംഭവം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും പറയുന്നു. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്ക ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെ.എസ്. ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

CONTENT HIGHLIGHTS: Sabrinathan’s arrest in Lok Sabha; K. Muralidharan M.P issued a notice for the urgent resolution.