2026ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെത്തുന്നത്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.
അതേസമയം ഇന്ത്യന്‍ സ്‌ക്വാഡില്‍ റിങ്കു സിങ്ങും ഇടം നേടിയിരുന്നു. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സബ കരീം. റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണെന്നും മത്സരങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനുള്ള കഴിവ് റിങ്കുവിനെ പോലെ കുറച്ചു താരങ്ങള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു കരീം.
‘റിങ്കു സിങ് ടീമിലേക്ക് തിരിച്ചെത്തിയത് നല്ല കാര്യമാണ്. ഇന്ത്യന്‍ ടീമിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിനുള്ള ശീലം വളരെ കുറച്ചു താരങ്ങളില്‍ മാത്രമേ കാണൂ. റിങ്കുവിന് ആ കഴിവുണ്ട്,’ സബ കരീം പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ടി-20യില്‍ 25 ഇന്നിങ്‌സുകളാണ് റിങ്കു സിങ് കളിച്ചത്. 550 റണ്‍സും 69 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും റിങ്കുവിനുണ്ട്. 42.3 എന്ന ആവറേജിലും 161.8 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് റിങ്കു ബാറ്റ് ചെയ്തത്.
മൂന്ന് അര്‍ദ്ധ സെഞ്ച്വറിയാണ് താരത്തിന് ഫോര്‍മാറ്റില്‍ ഉള്ളത്. അതേസമയം ഏറെക്കാലത്തിനു ശേഷമാണ് റിങ്കു സിങ് ഇന്ത്യക്ക് വേണ്ടി കളത്തില്‍ ഇറങ്ങുന്നത്. മികവ് പുലര്‍ത്തിയ മത്സരങ്ങള്‍ ഉണ്ടായിട്ടും താരത്തിന് പുറത്തുനില്‍ക്കേണ്ടി വന്നിരുന്നു. ഫിനിഷര്‍ റോളിലാണ് റിങ്കു ഇന്ത്യക്ക് വേണ്ടി മിക്ക മത്സരങ്ങളിലും തിളങ്ങിയത്.
അതേസമയം ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിരുന്നു. മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.
വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനാണ് ടീമില്‍ തിരിച്ചെത്തിയ മറ്റൊരു താരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കിരീടം നേടിക്കൊടുത്ത കിഷന്‍ മിന്നും സെഞ്ച്വിറിയും നേടിയിരുന്നു.
Content Highlight: Sabha Karim Talking About Rinku Singh