ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sabarimala
ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച അമ്മിണിയുടെ കുടുംബത്തിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം; സഹോദരിയുടെ മകന്റെ തല അടിച്ചുപൊട്ടിച്ചു; വീട് തകര്‍ത്തു
ന്യൂസ് ഡെസ്‌ക്
Sunday 27th January 2019 7:06pm

അമ്പലവയല്‍: ഡിസംബറില്‍ 23ന് ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. അമ്പലവയലുള്ള അമ്മിണിയുടെ ചേച്ചിയുടെ മകന്‍ പ്രഫുലിന്റെ തലയ്ക്ക് കമ്പികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും സഹോദരിയെ ആക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരെയും ബത്തേരി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഡിസംബര്‍ 31നാണ് അമ്മിണിയുടെ കുടുംബത്തിന് നേരെ ആദ്യം ആക്രമണം ഉണ്ടായത്. രാത്രി ഏതാനും പേര്‍ എത്തി കല്ലറിയുകയും തെറിവിളിക്കുകയുമായിരുന്നു. അന്ന് അമ്മിണിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് താന്‍ പരാതി നല്‍കിയ ജെന്‍സണ്‍, പ്രസാദ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഇപ്പോള്‍ വീണ്ടും സഹോദരി പുത്രനെ അക്രമിച്ചതെന്ന് അമ്മിണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

”രണ്ടാം തിയ്യതി തന്നെ എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് പൊലീസ് മൊഴിയെടുക്കാന്‍ പോലും വന്നത്. പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ആക്രമണം നടത്തിയവരുടെ പേരുകളടക്കം പൊലീസിനോട് നേരത്തെ പറഞ്ഞതാണ്. പയ്യന്റെ നമ്പര്‍ പൊലീസിന് നല്‍കിയിരുന്നു.

സമീപത്തുള്ള ചീങ്ങേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേച്ചിയുടെ വീടിനെ ചുറ്റിപ്പറ്റി അക്രമികള്‍ ചുറ്റിപറ്റി നടക്കുന്നുണ്ടായിരുന്നു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ക്ഷേത്രമാണിത്. ഇന്നലെ അക്രമമുണ്ടാവുമെന്ന് ഭയന്നിട്ട് ചേച്ചിയുടെ മക്കളോട് പെട്ടെന്ന് തന്നെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ഉത്സവം കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രഫുല്‍കുമാറെന്ന ചേച്ചിയുടെ മകന്‍ പണി സ്ഥലത്ത് കൂലി വാങ്ങാന്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

റോഡില്‍വെച്ച് പ്രഫുലിന്റെ ബൈക്ക് നിര്‍ത്തി കമ്പി കൊണ്ട് അക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ പ്രഫുലിന്റെ തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആദ്യം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലുമാണ് പ്രഫുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. എക്‌സ്‌റേയ്ക്കും സ്‌കാനിങ്ങിനും കൊടുത്തിട്ടുണ്ട്. റിസള്‍ട്ട് വന്നിട്ടില്ല. പ്രഫുലിനെ മര്‍ദ്ദിക്കുന്നതറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയത്തിപ്പോഴാണ് ചേച്ചിയെയും അക്രമികള്‍ വടികൊണ്ട് മര്‍ദ്ദിച്ചത്. പിന്നീട് വീട്ടിലും കയറി സാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു.” അമ്മിണി പറയുന്നു

പ്രഫുലിന് നേരെ ആക്രമണമുണ്ടായതറിഞ്ഞ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള ചേച്ചിയുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടയില്‍ ശരണം വിളികളോടെ തന്റെ വാഹനത്തിന് നേരെയും പ്രതിഷേധമുണ്ടായതായി അമ്മിണി പറയുന്നു.

ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമാണ് കെ അമ്മിണി. ശബരിമലയില്‍ പ്രവേശനത്തിന് എല്ലാ വനിതകള്‍ക്കെതിരെയും ആക്രമണമുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ പൊലീസ് നടപടി ഇല്ലാത്തത് കൊണ്ട് തുടര്‍ച്ചയായ ആക്രമണമാണ് ഇപ്പോള്‍ അമ്മിണിയ്‌ക്കെതിരെ ഉണ്ടാവുന്നത്.

Advertisement