ശബരിമല സ്വര്‍ണ കൊടിമര പുനപ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
Kerala
ശബരിമല സ്വര്‍ണ കൊടിമര പുനപ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
അനിത സി
Monday, 23rd February 2026, 9:01 am

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമരത്തിന്റെ പുനപ്രതിഷ്ഠ കേസില്‍ സുരേഷ് ഗോപി എം.പിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക സംഘം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി.

കൊടിമര പുനപ്രതിഷ്ഠയ്ക്കായി സ്വര്‍ണം സംഭാവന നല്‍കിയതായി സുരേഷ് ഗോപി മൊഴി നല്‍കി. സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പടെ സുരേഷ് ഗോപി വെളിപ്പെടുത്തിയതായാണ് വിവരം. ഇതേ കേസില്‍ നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൊടിമരത്തിന്റെ പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് എസ്.ഐ.ടിക്ക് കത്ത് നല്‍കി. കോടതി നിര്‍ദേശ പ്രകാരം ഒരു മാസത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ നീക്കം.

കൊടിമരത്തിനായി സ്വര്‍ണം സംഭാവന ചെയ്തവരെ കുറിച്ചും ലഭിച്ച സ്വര്‍ണത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാണ് വിജിലന്‍സ് എസ്.ഐ.ടിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, കൊടിമരത്തിന്റെ നിര്‍മാണം നടത്തിയ അനന്തന്‍ ആചാരിയില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് വിവരങ്ങള്‍ തേടിയിരുന്നു.

ദേവസ്വം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 27 പേര്‍ ചേര്‍ന്ന് 412 ഗ്രാം സ്വര്‍ണം സംഭാവന നല്‍കിയിട്ടുണ്ട്. ഈ സ്വര്‍ണം ദേവസ്വത്തിന് ലഭിച്ചോയെന്നതും ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചുമാണ് നിലവിലെ വിജിലന്‍സ് അന്വേഷണം.

സുരേഷ് ഗോപി സിനിമാപ്രവര്‍ത്തകരായ മോഹന്‍ലാല്‍, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവരില്‍ നിന്നും സ്വര്‍ണം ശേഖരിക്കുകയും സംഭാവന ഏകോപിപ്പിക്കുകയും ചെയ്ത് ദേവസ്വത്തിന് സ്വര്‍ണം കൈമാറിയെന്നാണ് വിശദീകരണം.

Content Highlight: Sabarimala golden flagpole re-installation case; Suresh Gopi’s statement recorded

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.