പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് എസ്.ഐ.ടി( സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം). മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
മുൻ എക്സിക്യൂട്ടീവ് ഓഫീസറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്കുള്ള കോൺഗ്രസിന്റെ മാർച്ച് ഇന്ന് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ എൻ. വാസുവിനെ റിമാൻഡ് ചെയ്തു. വാസുവിന്റെ കസ്റ്റഡി അപേക്ഷ എസ്.ഐ.ടി ഉടൻ നൽകുമെന്നുമാണ് വിവരം.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ ഇന്നലെയായിരുന്നു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തവണ എൻ. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയായാണ് എൻ. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
2019 ൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതിൽ എൻ.വാസുവിന് പങ്കുണ്ടെന്ന കണ്ടെത്തലിൽ വാസുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്വർണപാളികൾ കൊടുത്തുവിട്ടതെന്നുമായിരുന്നു എസ്.ഐ.ടിയുടെ റിപ്പോർട്ട്.