തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയേയും ജ്വല്ലറി ഉടമ ബെല്ലാരി ഗോവര്‍ധനേയും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പങ്കജ് ഭണ്ഡാരിയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ച് വരുത്തിയിരുന്നു. ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷനില്‍ വെച്ചാണ് ഉരുക്കിയെടുത്തത്. എന്നാല്‍ ഉരുക്കിയെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ ചില മാറ്റങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ചെന്നൈയില്‍ എത്തി തെളിവുകള്‍ ശേഖരിക്കുകയും പങ്കജ് ഭണ്ഡാരിയെ പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സ്മാര്‍ട്ട് ക്രിയേഷനില്‍ വെച്ച് ഉരുക്കിയെടുത്ത സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ധന് കൊടുത്തുവെന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും 800 ഗ്രാമിലധികം സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തിരുന്നു.
സ്വർണക്കൊള്ളയിൽ നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
2019ല്‍ ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയെടുത്ത സ്വര്‍ണപാളികള്‍ തന്നെയാണ് തിരികെ എത്തിച്ചതെന്ന് വ്യക്തമാക്കുന്ന സാമ്പിള്‍ പരിശോധനാ ഫലം വന്നതിനുശേഷം ഗോവര്‍ധനും കല്‍പ്പേഷിനുമെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കൂടാതെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് വെളിപ്പെടുത്തല്‍ നടത്തിയ വിദേശ വ്യവസായിയെയും ചോദ്യം ചെയ്യും.
അതേസമയം ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് ഭണ്ഡാരിയുടെയും ഗോവര്‍ധന്റെയും അറസ്റ്റ്. ഡിസംബര്‍ അഞ്ചിന് ശേഷം എസ്.ഐ.ടിക്ക് ആലസ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
അഡ്വ. വിജയകുമാറിനെയും ശങ്കര്‍ ദാസിനെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യമെന്നും വിമര്‍ശനമുണ്ട്.
വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികളെ വേർതിരിച്ച് കാണരുതെന്നും കോടതി നിര്‍ദേശിച്ചു.