കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം ശരിയായ രൂപത്തിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഹൈക്കോടതി നിരീക്ഷണമെന്ന് മന്ത്രി പി. രാജീവ്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
മാധ്യമങ്ങള്‍ അനാവശ്യമായ വാര്‍ത്തകള്‍ നല്‍കി ഈ ഘട്ടത്തില്‍ വിചാരണ നടത്തുകയോ അന്വേഷണത്തെ വഴിതെറ്റിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടുണ്ടെന്നും ഓരോ ഘട്ടത്തിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചതായും മന്ത്രി പി. രാജീവ് പറഞ്ഞു.
അന്വേഷണ സംഘത്തിന് മേല്‍ യാതൊരുവിധ സമ്മര്‍ദവുമില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, സമ്മര്‍ദമുണ്ടെന്ന് പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭാ സെഷന്‍ തന്നെ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നിലപാടുകളെ മന്ത്രി വിമര്‍ശിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന കോടതിയുടെ നിരീക്ഷണം സര്‍ക്കാരിന്റെ നിലപാടിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
‘കേസില്‍ പുതിയ പല ബന്ധങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘കട്ടവനും കട്ട മുതല്‍ വാങ്ങിയവനും ഒത്താശ ചെയ്തവനും ഒരേ ഫ്രെയിമില്‍ വന്നു’ എന്ന തരത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഇതില്‍ സോണിയ ഗാന്ധിയോടൊപ്പമുള്ള ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്,’ അദ്ദേഹം സൂചിപ്പിച്ചു.
വിദേശത്ത് പുരാവസ്തു കച്ചവടമുള്ള രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ എസ്.ഐ.ടിക്ക് സാധിക്കുമെന്നും അന്വേഷണം അതിന്റെ പൂര്‍ണതയില്‍ എത്തുന്നതുവരെ കാത്തിരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രത്യേക അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Sabarimala gold robbery: Investigation in the right direction, High Court says no media trial: Minister P. Rajeev
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.