പത്തനംതിട്ട: ശബരിമല സ്വർണകൊള്ളയിൽ വീണ്ടും അറസ്റ്റ്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇന്നലെ നടന്ന എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിനുശേഷം ഇന്ന് പുലർച്ചയോടുകൂടി സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ സ്വർണകൊള്ള കേസിലെ മൂന്നാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് മഹസറിൽ ചെമ്പ് എന്ന് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥരോടൊപ്പം ഇയാൾ കൂട്ടുനിന്നതായി എസ്.ഐ.ടി നേരത്തെ സംശയിച്ചിരുന്നു. ഈ സാഹചര്യത്തിനാലാണ് സ്വർണകൊള്ളയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്.
2019 ആദ്യമായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയ റിപ്പോർട്ട് നൽകിയത് സുധീഷ് കുമാറിനാണ്. എന്നാൽ റിപ്പോർട്ട് തിരുത്താനോ ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താനോ സുധീഷ് കുമാർ തയ്യാറായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകൾ.
നേരത്തെ ഈ കാര്യം അന്വേഷിച്ച ദേവസ്വം വിജിലൻസും സുധീഷ് കുമാറിനെതിരെ നടപടി വേണമെന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവിൽ ശബരിമലയിലെ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിടാണെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന കുറ്റമാണ് ഈയാൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്.