തൃശൂര്‍: ആമ്പല്ലൂരിനടുത്ത് അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശബരിമല വ്രതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പരാതി.
സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. യൂണിഫോമിന് പകരം കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസ് അധ്യാപികയും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.
ക്ലാസ് തുടങ്ങിയതിന് ശേഷമായിരുന്നു അധ്യാപികയുടെ നടപടി. കുട്ടികളോട് യൂണിഫോം ധരിക്കാതെ ക്ലാസില്‍ കയറേണ്ടെന്ന് കര്‍ശനമായി പറയുകയും യൂണിഫോം ധരിച്ചുവരാന്‍ ആവശ്യപ്പെട്ട് പുറത്തിറക്കുകയുമായിരുന്നു.
കുട്ടികളെ ക്ലാസില്‍ കയറ്റാതെ വന്നതോടെ ബാഗ് പോലും എടുക്കാതെ വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. സ്‌കൂള്‍ അധികൃതര്‍ നിലപാട് തിരുത്തി കുട്ടികളോട് ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ക്ലാസ് അധ്യാപിക ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധക്കാരോട് സംസാരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് തര്‍ക്കം രൂക്ഷമായതോടെ പുതുക്കാട് എസ്.എച്ച്.ഒ ആദം ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
പിന്നീട് നടന്ന ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രമണിഞ്ഞ് ക്ലാസിലിരുത്താന്‍ ധാരണയാവുകയും ചെയ്തു. നേരത്തെ, തൃശൂരിലെ തന്നെ എളവള്ളിയിലെ ഗോകുലം പബ്ലിക് സ്‌കൂളിലും സമാനമായ സംഭവമുണ്ടായിരുന്നു.
ശബരിമലയിലേക്ക് പോവാനായി വ്രതമെടുക്കുന്ന വിദ്യാര്‍ത്ഥി കറുപ്പ് വസ്ത്രം അണിഞ്ഞെത്തിയതോടെ ക്ലാസില്‍ നിന്നും പുറത്താക്കുകയും യൂണിഫോം ധരിക്കാതെ കുട്ടിയെ സ്‌കൂളിലേക്ക് പറഞ്ഞുവിടേണ്ടെന്ന് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പത്ത് ദിവസത്തോളം കുട്ടിക്ക് സ്‌കൂളില്‍ പ്രവേശിക്കാനായിരുന്നില്ല. ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.