പ്രവര്‍ത്തകരോട് ശബരിമലയില്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി സര്‍ക്കുലര്‍; നിഷേധിക്കാതെ നേതാക്കള്‍
Sabarimala women entry
പ്രവര്‍ത്തകരോട് ശബരിമലയില്‍ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി സര്‍ക്കുലര്‍; നിഷേധിക്കാതെ നേതാക്കള്‍
ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 11:38 am

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്‌ക്കെതിരെ സംഘടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി നീക്കം പുറത്ത്. ശബരിമലയില്‍ സംഘടിക്കണമെന്നാവശ്യപ്പെട്ട് ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലറാണ് പുറത്തുവന്നത്. ഒരു ദിവസം മൂന്നു നിയോജക മണ്ഡലത്തിലുള്ളവര്‍ ശബരിമലയിലെത്താനാണ് നിര്‍ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഒപ്പു വെച്ച സര്‍ക്കുലറാണ് കീഴ്ഘടകങ്ങള്‍ക്ക് അയച്ചിട്ടുള്ളത്.

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്ന് ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനാണ് നിയോജകമണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്.


പൊലീസുകാര്‍ വാങ്ങിച്ചുകൊടുത്ത ഭക്ഷണം കഴിച്ച് പച്ചവെള്ളം തന്നില്ലെന്ന് പറയാന്‍ സുരേന്ദ്രന് നാണമില്ലേ: ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രന്‍


“” ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാ ദിവസവും ഓരോ മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയില്‍ പോകാന്‍ നിശ്ചയിട്ടുണ്ട്. ഇത് അനുസരിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും പരാവധി പ്രവര്‍ത്തകരെ അയക്കണം. ഓരോ ദിവസത്തെ ഇന്‍ചാര്‍ജര്‍മാരേയും നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണ്. അതാതു സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ചാ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് നേതൃപരമായ പങ്ക് വഹിക്കേണ്ടവര്‍. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കുന്നതാണ്. പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം, ഇന്‍ചാര്‍ജ് സംസ്ഥാന ഭാരവാഹികള്‍ എന്നിവ താഴെ ചേര്‍ക്കുന്നു””- ഇങ്ങനെയാണ് സര്‍ക്കുലറില്‍ പറയുന്നത്.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട മണ്ഡലം കമ്മിറ്റികളുടെ പട്ടികയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അയച്ച സര്‍ക്കുലറിലുള്ളത്. ഇതോടൊപ്പം ചുമതലയുള്ള ജില്ലാ ഭാരവാഹിയുടെ പേരും ഫോണ്‍ നമ്പറും. അതിനു ശേഷം ഓരോ ദിവസവും ചുമതലയുള്ള സംസ്ഥാന ഭാരവാഹികളുടെ പേരുകളും ഫോണ്‍ നമ്പറുകളും എട്ടു പേജുള്ള സര്‍ക്കുലറില്‍ പ്രത്യേകമായി നല്‍കിയിട്ടുണ്ട്.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലില്‍ നാമജപയജ്ഞം നടത്തിയതിന് അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ചുമത്തി കേസെടുത്തതില്‍ പാര്‍ട്ടി പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തായത്.

ശബരിമല സന്നിധാനത്ത് എത്തി പ്രതിഷേധിക്കുന്നവരില്‍ വലിയൊരു ഭാഗം ബി.ജെ.പിയുടെ സംഘടനാ തീരുമാനമനുസരിച്ച് എത്തുന്നവരാണെന്ന് സൂചിപ്പിക്കുന്ന ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സംഘടനാ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ശബരിമലയില്‍ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും എല്ലാ സൗകര്യങ്ങളും ഭക്തര്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചത്. സന്നിധാനത്ത് നടപ്പന്തലില്‍ ഞായറാഴ്ച പ്രശ്‌നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമാണെന്നും എ.ജി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയെ അറിയിച്ചു.

സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ എ.ജി ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍കേസിലെ പ്രതികളാണെന്നും തീര്‍ത്ഥാടകരെ തടഞ്ഞവര്‍ സാമൂഹിക വിരുദ്ധരാണെന്നും എജി കോടതിയില്‍ പറഞ്ഞു.

സര്‍ക്കാരിനുവേണ്ടി എ.ജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ പൊലീസിന്റെ സന്നിധാനത്തെ ഇടപെടല്‍ അതിരു കടക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി എ.ജിയോട് കോടതിയില്‍ ഹാജരാകാന്‍ പറയുകയായിരുന്നു.

ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള സര്‍ക്കുലര്‍ നിഷേധിക്കാതെയായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പ്രതികരണം. തങ്ങള്‍ ഇത്തരത്തിലുള്ള പല സര്‍ക്കുലറും ഇറക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കുലര്‍ രഹസ്യമാക്കി വയ്ക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി തലത്തില്‍ മാത്രം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ എങ്ങനെ പുറത്തായെന്ന് കണ്ടെത്താന്‍ ബി.ജെ.പി അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 22 വരെ ശബരിമലയില്‍ നടത്താനുള്ള പദ്ധതികള്‍ അടങ്ങിയ സര്‍ക്കുലര്‍ സി.പി.ഐ.എം രാഷ്ട്രീയ ആയുധമാക്കിയെന്ന ആരോപണവും ബി.ജെ.പിക്കുള്ളിലുണ്ട്.

എന്നാല്‍ ഇതിന് പിന്നാലെ ശബരിമലയില്‍ പ്രതിഷേധത്തിന് ആവശ്യമെങ്കില്‍ ആളെ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പ്രതിഷേധത്തിന് ബിജെപി പിന്തുണയുണ്ട്. ആളുകള്‍ വരണമെന്ന് പറയുന്നത് തെറ്റല്ല. സര്‍ക്കുലറിനെ വിമര്‍ശിക്കുന്നത് ശബരിമലയിലെ പൊലീസ് നടപടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. പ്രതിഷേധത്തിന് ആളെ എത്തിക്കണമെന്നാണ് ബി.ജെ.പി നേതാക്കള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.