എഡിറ്റര്‍
എഡിറ്റര്‍
മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് വാങ്ങിയത് 1.87 കോടിയുടെ പാത്രങ്ങള്‍ ; അഴിമതിയുടെ കൂത്തരങ്ങായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
എഡിറ്റര്‍
Saturday 29th April 2017 10:21am

പത്തനംതിട്ട: അഴിമതിയുടെ കൂത്തരങ്ങായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് ഉദ്യോഗസ്ഥര്‍ വാങ്ങിക്കൂട്ടിയത് 1.87 കോടിയുടെ പാത്രങ്ങളാണ്.

മണ്ഡലം മകരവിളക് സീസണുകള്‍ പണം ധൂര്‍ത്തടിക്കാനുള്ള വേദിയാക്കിക്കൊണ്ടാണ് കോടിക്കണക്കിന് രൂപയുടെ സാമഗ്രികള്‍ ഉന്നതരുടെ അറിവോടെ വാങ്ങിയത്. ശബരിമല പമ്പ തുടങ്ങിയ ഇടങ്ങളിലേക്ക് വേണ്ടിയാണ് പാത്രങ്ങള്‍ വാങ്ങിയതെന്നാണ് പറയുന്നത്.

മുന്‍വര്‍ഷങ്ങളില്‍ വാങ്ങിയ സാധനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഗോഡൗണില്‍ കെട്ടിക്കിടമ്പോഴാണ് വീണ്ടും കോടികള്‍ മുടക്കി പാത്രങ്ങള്‍ വാങ്ങിയത്.

 ഇത്രയും വലിയ തുകയുടെ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ ഓഡിറ്റോ കണക്കെടുപ്പോ ഉണ്ടാകാറാണ് പതിവ്. എന്നാല്‍ ഇതൊന്നും ഇല്ലാതെയായിരുന്നു പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയത്.

സംഗതി വിവാദമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മീഷനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ 1.87 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിയിട്ടുണ്ട് എന്ന മറുപടി മാത്രമാണ് തിരുവാഭരണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്തിന് വേണ്ടിയാണ് ഇത്രയും പാത്രങ്ങള്‍ വാങ്ങിയതെന്നോ ആരുടെ നിര്‍ദേശപ്രകാരമാണ് വാങ്ങിയതെന്നോ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല.


Dont Miss ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്ന തരത്തിലുള്ള വിധി കേള്‍ക്കുമ്പോഴാണ് എം.വി ജയരാജനോടുള്ള ബഹുമാനം കൂടുന്നത്: അഡ്വ. ജയശങ്കര്‍ 


സംഭവത്തില്‍ വന്‍ അഴിമതിയും ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം തിരുവാഭരണം കമ്മീഷന്റെ കണ്ടെത്തല്‍. തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ്.

ദേവസ്വം തിരുവാഭരണം കമ്മീഷന്‍ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസാണ്‌ പുറത്തുവിട്ടത്. ദേവസ്വം ബോര്‍ഡ് അഴിമതിയെ കുറിച്ച് മാതൃഭൂമി നടത്തുന്ന അമ്പലം വിഴുങ്ങികള്‍ പരമ്പരിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Advertisement