തുടര്‍ച്ചയായ മൂന്ന് ഇന്നിങ്സുകളില്‍ പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. സഞ്ജു കരിയറില്‍ ഒരുപാട് തവണ ഒറ്റയക്കത്തിന് പുറത്തായിട്ടുണ്ടെന്നും ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തെറിഞ്ഞ ലെങ്ത് താരത്തെ നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ സഞ്ജു പത്ത് പന്തിലാണ് പുറത്താവാറെന്നും ആ ഘട്ടം തരണം ചെയ്താല്‍ താരം വലിയ ഇന്നിങ്സ് കളിക്കാറുള്ളത് പോലെ ഇവിടെയും തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സാബ കരീം.
‘സഞ്ജു സാംസണ്‍ നേരിട്ട ഏഴാമത്തെ പന്തിലാണ് പുറത്തായത്. അതിനുമുമ്പ് നേരിട്ട ആറു പന്തുകള്‍ ശ്രദ്ധിച്ചാല്‍, ഒന്നുകില്‍ ഒരു വലിയ ഷോട്ട് പിറക്കും, അല്ലെങ്കില്‍ വിക്കറ്റ് വീഴും എന്നൊരു അവസ്ഥയായിരുന്നു. അവന്റെ കരിയറില്‍ ഇത്തരം ഘട്ടങ്ങള്‍ പലപ്പോഴും വരാറുണ്ട്. സഞ്ജുവിന്റെ വിക്കറ്റ് വീഴുകയാണെങ്കില്‍ അത് പലപ്പോഴും ആദ്യത്തെ 10 പന്തുകള്‍ക്കുള്ളിലായിരിക്കും സംഭവിക്കാറുള്ളത്. എന്നാല്‍ ആ ഘട്ടം തരണം ചെയ്താല്‍ വലിയൊരു ഇന്നിങ്‌സ് തന്നെ അവന്‍ പുറത്തെടുക്കാറുണ്ട്.
ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞ ലെങ്ത് സഞ്ജുവിനെ വല്ലാതെ നിയന്ത്രിച്ചു. ഷോട്ട് കളിക്കാനുള്ള ഇടമോ പന്ത് ഉയര്‍ത്തിയടിക്കാനുള്ള അവസരമോ അവര്‍ നല്‍കിയില്ല. പേസ് ബൗളര്‍മാര്‍ക്കെതിരെ സഞ്ജു സാധാരണയായി പരീക്ഷിക്കുന്ന ഇന്‍ഫീല്‍ഡിന് മുകളിലൂടെയുള്ള ഷോട്ട് കളിക്കാന്‍ അവര്‍ അനുവദിച്ചില്ല. അതുകൊണ്ടാണ് സഞ്ജു അല്പം സമ്മര്‍ദത്തിലായത്.
സഞ്ജുവിന്റെ കരിയറില്‍ പലതവണ ഈ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഈ അവസ്ഥയില്‍ നിന്ന് അവന്‍ തിരിച്ചുവരികയും തീര്‍ച്ചയായും വലിയൊരു ഇന്നിങ്‌സ് കളിക്കുകയും ചെയ്യുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,’ സാബ കരീം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഴ് പന്തില്‍ വെറും ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നേരത്തെ അയര്‍ലാന്‍ഡ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമാണ് താരം എടുത്തത്.
Content Highlight: Saba Karim says Sanju Samson will bounce back and play big knock after failure in 1st T20I against England