എറിഞ്ഞിട്ട് ഒന്നാമത്, അടിച്ചൊതുക്കി രണ്ടാമത്; 175 പന്ത് ബാക്കി, ഇം​ഗ്ലണ്ടിന് ചരമ​ഗീതം പാടി പ്രോട്ടിയാസ്
Sports News
എറിഞ്ഞിട്ട് ഒന്നാമത്, അടിച്ചൊതുക്കി രണ്ടാമത്; 175 പന്ത് ബാക്കി, ഇം​ഗ്ലണ്ടിന് ചരമ​ഗീതം പാടി പ്രോട്ടിയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd September 2025, 10:28 pm

 

സൗത്ത് ആഫ്രിക്കയുടെ ഇം​ഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ പടുകൂറ്റൻ വിജയവുമായി സന്ദർശകർ. ലീഡ്സിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.

ഇം​ഗ്ലണ്ട് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം ഏയ്ഡൻ മർക്രമിന്റെ കരുത്തിൽ സൗത്ത് ആഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ജോ റൂട്ട്, ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, ബെൻ ഡക്കറ്റ് എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ജെയ്മി സ്മിത്തിന്റെ ചെറുത്തുനിൽപ്പാണ് ഇം​ഗ്ലണ്ടിനെ വൻ‌ തകർച്ചയിൽ നിന്നും കരകയറ്റിത്.

48 പന്ത് നേരിട്ട താരം 54 റൺസാണ് സ്വന്തമാക്കിയത്. പത്ത് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

സൗത്ത് ആഫ്രിക്കയ്ക്കായി കേശവ് മഹാരാജ് നാല് വിക്കറ്റുമായി തിളങ്ങി. ജേകബ് ബേഥൽ, വിൽ ജാക്‌സ്, ആദിൽ റഷീദ്, സോണി ബേക്കർ എന്നിവരാണ് മഹാരാജിനോട് തോറ്റ് മടങ്ങിയത്. ജെയ്മി സ്മിത്, ജോസ് ബട്‌ലർ, ജോഫ്രാ ആർച്ചർ എന്നിവരെ വീഴ്ത്തി വിയാൻ മുൾഡറും തിളങ്ങി.

ഹാരി ബ്രൂക്ക് റൺ ഔട്ടായപ്പോൾ നാന്ദ്രേ ബർഗറും ലുങ്കി എൻഗിഡിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

24.3 ഓവറിലാണ് ഇം​ഗ്ലണ്ട് പുറത്തായത്. ഇതോടെ ഒരു എവേ ഏകദിനത്തിൽ ഏറ്റവും കുറവ് പന്തെറിഞ്ഞ് എതിരാളികളെ ഓൾ ഔട്ടാക്കിയതിന്റെ സൗത്ത് ആഫ്രിക്കൻ റെക്കോ‍ഡും കുറിക്കപ്പെട്ടു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനായി ഏയ്ഡൻ മർക്രം തകർത്തടിച്ചു. റിയാൻ റിക്കൽടണിനെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് മർക്രം തിളങ്ങിയത്.

മർക്രം 55 പന്തിൽ 86 റൺസ് അടിച്ചെടുത്തു. 13 ഫോറും രണ്ട് സിക്സറും അടക്കം 156.36 സ്ട്രെെക്ക് റേറ്റിലാണ് താരം സ്കോർ ചെയതത്. ക്യാപ്റ്റൻ തെംബ ബാവുമ ആറ് റൺസിനും ട്രിസ്റ്റൺ സ്റ്റബ്സ് പൂജ്യത്തിനും പുറത്തായെങ്കിലും മർക്രമിനൊപ്പം ആദ്യ വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി ഉറച്ചുനിന്ന റിയാൻ റിക്കൽടൺ (59 പന്തിൽ പുറത്താകാതെ 31) ടീമിന്റെ വിജയത്തിൽ നിർണായകമായി.

ഇതോടെ പല റെക്കോഡുകളും കുറിക്കപ്പെട്ടു. ഒരു എവേ ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വേ​ഗമേറിയ രണ്ടാമത് വിജയത്തിന്റെ റെക്കോഡാണ് ഇതിൽ ആദ്യം. 2005ൽ വെസ്റ്റ് ഇൻഡീസിനെതിരെ 19.1 ഓവറിലെ വിജയമാണ് പട്ടികയിൽ ഒന്നാമത്.

ഒരു എവേ ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വേ​ഗമേറിയ വിജയം

(എത്ര ഓവറിൽ വിജയം – എതിരാളികൾ – വേദി – വർഷം എന്നീ ക്രമത്തിൽ)

19.1 – വെസ്റ്റ് ഇൻഡീസ് – പോർട്ട് ഓഫ് സ്പെയ്ൻ – 2005

20.3 – ഇം​ഗ്ലണ്ട് – ലീഡ്സ് – 2025*

26.4 – വെസ്റ്റ് ഇൻ‌ഡീസ് – കിങ്സ്റ്റൺ – 2005

27.4 – സിംബാബ്വേ – ബുലവായോ – 2014

ഇതിന് പുറമെ ഇം​ഗ്ലണ്ടിൽ ഇം​ഗ്ലണ്ടിന്റെ ഏറ്റവും വലിയ നാലാമത് തോൽവിയും (ശേഷിച്ച പന്തുകളുടെ അടിസ്ഥാനത്തിൽ) കുറിക്കപ്പെട്ടു

ഇം​ഗ്ലണ്ടിൽ ഇം​ഗ്ലണ്ടിന്റെ ഏറ്റവും വലിയ പരാജയങ്ങൾ (ശേഷിച്ച പന്തുകളുടെ അടിസ്ഥാനത്തിൽ)

(ശേഷിച്ച പന്തുകൾ – എതിരാളികൾ – വേദി – വർഷം എന്നീ ക്രമത്തിൽ)

196 – ന്യൂസിലാൻഡ് – ചെസ്റ്റർ ലെ സ്ട്രീറ്റ് – 2004

188 – ഓസ്ട്രേലിയ – ലീഡ്സ് – 1975

188 – ഇന്ത്യ – ഓവൽ – 2022

175 – സൗത്ത് ആഫ്രിക്ക – ലീഡ്സ് – 2025*

154 – ഓസ്ട്രേലിയ – മാഞ്ചസ്റ്റർ – 2015

അതേസമയം, ഈ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്.

സെപ്റ്റംബർ നാലിനാണ് പരമ്പരയിലെ രണ്ടാം ഏകദിനം. ലോർഡ്സാണ് വേദി.

 

Content Highlight: SA vs ENG: South Africa scripted several records in 1st ODI