മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് മലയാളിതാരം എസ്. ശ്രീശാന്ത്. ഹര്‍ഭജന്‍ പഴയ കാര്യങ്ങളെക്കുറിച്ച് പരസ്യം ഉണ്ടാക്കി പണം സമ്പാദിച്ചെന്ന് ശ്രീശാന്ത് പറഞ്ഞു. ഒരാള്‍ നമുക്കെതിരെ ഒരു തെറ്റ് ചെയ്താല്‍ അത് ക്ഷമിക്കാമെന്നും പക്ഷെ ഒരിക്കലും മറക്കരുതെന്നും ഹര്‍ഭജനുമായി ഒരു ബന്ധവുമില്ലെന്നും ശ്രീശാന്ത് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുപോലെ ഞാന്‍ ഭാജിയെക്കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ല. ഈയിടെ ഒരു പ്രശ്‌നവുമില്ലാത്തപ്പോള്‍ പഴയ കാര്യങ്ങളെക്കുറിച്ച് (ഐ.പി.എല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് കൈ കൊണ്ട് വീശി) അദ്ദേഹം ഒരു പരസ്യം ഉണ്ടാക്കുകയും 80 ലക്ഷമോ ഒരു കോടിയോ പണം സമ്പാദിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു ‘ഡാ നീ അത് ഇന്‍സ്റ്റഗ്രാമില്‍ ഒന്ന് സ്റ്റോറിയിടെന്ന്’, ഞാന്‍ മറുപടി പറഞ്ഞത് പൊറുക്കാം പക്ഷെ മറക്കരുത് എന്നാണ്.
ഒരാള്‍ നമുക്കെതിരെ ഒരു തെറ്റ് ചെയ്താല്‍ അത് നമുക്ക് ക്ഷമിക്കാം, പക്ഷെ ഒരിക്കലും മറക്കരുത്. മറന്ന് കഴിഞ്ഞാല്‍ ആ വ്യക്തി അതേ കാര്യം വീണ്ടും ചെയ്യും. എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. എന്റെ ഇന്‍സ്റ്റഗ്രാമില്‍ വരെ അദ്ദേഹത്തെ ഞാന്‍ ബ്ലോക്ക് ചെയ്തു. അദ്ദേഹത്തിനെതിരെ എനിക്ക് ഒരു കംപ്ലൈന്റുമില്ല, എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവുമില്ല. അശ്വിന്റെ (മുന്‍ സ്പിന്നര്‍) അടുത്ത് വരെ എന്റെ മോളുടെ കഥ പറഞ്ഞ് എനിക്ക് വിഷമമായെന്ന് അയാള്‍ പറഞ്ഞു. പക്ഷെ എന്റെ അടുത്ത് ഇന്ത്യ കളിക്കുമ്പോള്‍ മുതല്‍ ഹര്‍ഭജന്‍ അഭിനയിക്കുകയാണ്. അത് ശ്രീശാന്തിന് പറ്റില്ല,’ ശ്രീശാന്ത് പറഞ്ഞു.
2008 ഏപ്രിലില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിനിടെ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് കൈ കൊണ്ട് വീശിയ ശേഷം ശ്രീശാന്ത് കണ്ണീരണിഞ്ഞ ദൃശ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് ഹര്‍ഭജനെ സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് വിലക്കുകയും താരത്തിന്റെ മുഴുവന്‍ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം, മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി ഈ സംഭവത്തിന്റെ എച്ച്.ഡി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇത് വീണ്ടും ചര്‍ച്ചയായിരുന്നു.
Content Highlight: S. Sreesanth makes serious allegations against Harbhajan Singh