മത്സരരംഗത്തേക്ക് തിരിച്ചുവരും; കേരള രഞ്ജി ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത്
kERALA NEWS
മത്സരരംഗത്തേക്ക് തിരിച്ചുവരും; കേരള രഞ്ജി ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത്
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 11:48 am

തിരുവനന്തപുരം: ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ച സുപ്രീം കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.

മത്സരരംഗത്തേക്ക് തിരിച്ചു വരുമെന്നും ആറ് മാസമായി പരിശീലനം തുടങ്ങിയിട്ടെന്നും ശ്രീശാന്ത് പറഞ്ഞു. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള രജ്ഞി ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് ഏര്‍പ്പെടുത്തിയ ശിക്ഷാ കാലാവധി എത്രയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞുവെന്നും ശ്രീശാന്ത് പ്രതികരിച്ചു.


ഐ.പി.എല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതിയാണ് പിന്‍വലിച്ചത്. ശിക്ഷാകാലാവധി പുനപരിശോധിക്കാന്‍ ബി.സി.സി.ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

എത്ര കാലം ശിക്ഷ നല്‍കാമെന്ന് ബി.സി.സി.ഐ പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തീരുമാനത്തിന് എതിരെയായിരുന്നു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

2013 ലെ ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീശാന്ത് ഒത്തു കളിച്ചതിന് തെളിവുണ്ടെന്നാണ് ഹരജിയെ എതിര്‍ത്ത് ബി.സി.സി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്നും ഭീഷണിപ്പെടുത്തിയാണ് പോലീസ് തന്റെ ആദ്യ കുറ്റസമ്മത മൊഴി ലഭ്യമാക്കിയതെന്നുമായിരുന്നു ശ്രീശാന്തിന്റെ വാദം.

നേരത്തെ ഒത്തുകളി വിവാദവുമായി ജയിലിടയ്ക്കപ്പെട്ടിരുന്ന താരത്തെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.