എഴുത്തിലെ ആചാര്യ രൂപങ്ങളേ, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ ഭാവം?
Opinion
എഴുത്തിലെ ആചാര്യ രൂപങ്ങളേ, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ ഭാവം?
എസ്. ശാരദക്കുട്ടി
Tuesday, 5th February 2019, 7:51 pm

ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു പത്രാധിപക്കുറിപ്പ് വായിച്ച്, വര്‍ഷങ്ങളായി മാതൃഭൂമിയുടെ വായനക്കാരിയായ ഞാന്‍ ലജ്ജയോടെ തല കുനിച്ചു പോയി. പഴയ കാലത്തേതു പോലെ ഒരൊറ്റ പ്രസിദ്ധീകരണത്തിന്റെ എഴുത്തിലോ വഴിയിലോ അതു നയിക്കുന്ന ഇരുട്ടിലോ വെളിച്ചത്തിലോ മാത്രം സഞ്ചരിക്കുന്നവരല്ല ഇന്നത്തെ എഴുത്തുകാര്‍.

അച്ചടി മാധ്യമങ്ങളുടെയും പരമ്പരാഗത എഡിറ്റര്‍മാരുടെയും സര്‍വ്വാധിപത്യത്തെ അംഗീകരിച്ചു മാത്രമേ എഴുത്തുകാര്‍ക്കു നിലനില്‍പുള്ളു എന്ന അവസ്ഥ ഇന്നില്ല. അത്തരമൊരു തുറസ്സിലേക്കാണ് ഒരു ചെറു കുറിപ്പിലൂടെ പഴയ പാരമ്പര്യത്തിന്റെ ആനയുമമ്പാരിയുമായി ഒരു പത്രാധിപര്‍, പഴയ കാലത്തെ ജോത്സ്യരെ പോലെ വന്നിരുന്ന് വിഷുഫലം പ്രവചിക്കുന്നത്.

വികസിച്ചു വരുന്ന ഒരു നവ മലയാളി ഭാവനയുടെ പരിസരത്തിരുന്ന് എഡിറ്റര്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു ഇത്. “ഇത്രയേയുള്ളോ മാതൃഭൂമി” എന്ന് ഒരു വിളിച്ചു പറയലായിപ്പോയി അത്. പുതിയ എഴുത്തിനോടും ലിബറല്‍ ചിന്തയോടും ഉള്ള വൈമുഖ്യം ഇന്നത്തെ പത്രാധിപക്കുറിപ്പില്‍ പ്രകടമാണ്. അവസരം കാത്തിരിക്കുന്ന മധ്യവയസ്സിലെത്തിയ യശ: പ്രാര്‍ഥികളായ എഴുത്തുകാര്‍ അതൊന്നും ഉറക്കെ ചോദിക്കില്ലായിരിക്കാം. പക്ഷേ, പുതിയ കുട്ടികള്‍ ധൈര്യത്തോടെ പറയുകയാണ്, “നിങ്ങള്‍ നിങ്ങളുടെ പാരമ്പര്യം കൊണ്ട് വീട്ടില്‍ വെച്ചേക്കൂ, ഞങ്ങള്‍ക്കതു വേണ്ട” എന്ന്.

ബുദ്ധിയുടെ ഒരു ലോക ക്രമത്തില്‍ നിന്നു കൊണ്ട് ബുദ്ധിയെ നിരസിക്കുന്നതായി ആ കുറിപ്പ്. അതു ശരിയല്ല. നല്ലതുമല്ല. ബുദ്ധിയുടെയും ഭാവനയുടെയും സമന്വയനം കൊണ്ടാണ് എല്ലാക്കാലത്തും കഥകള്‍ ഊര്‍ജ്ജവും വെളിച്ചവും തുറസ്സും നേടിയതും ശ്രദ്ധിക്കപ്പെട്ടതും. ബുദ്ധിമാന്ദ്യമുണ്ടായിരുന്ന സാമൂഹ്യ പരിസരങ്ങളെയെല്ലാം കഥ നിരസിച്ചതും അതിജീവിച്ചതും കഥാ ഘടനയിലെയ്യം ഭാഷയിലെയും ബുദ്ധിയുടെ വിന്യാസവും തെളിച്ചവും തുറസ്സും കൊണ്ടു തന്നെയായിരുന്നു. ബുദ്ധി ഒരു മോശം വാക്കോ ചീത്ത വാക്കോ അല്ല.

വസ്തുനിഷ്ഠതയോടെ സര്‍ഗ്ഗാത്മകതയെ സമീപിക്കുന്ന നിരൂപകരിലൊരാള്‍ പോലുമില്ലാതിരുന്ന ഒരു ജഡ്ജിങ് പാനലാണ് കഥകളെ വിലയിരുത്തിയത്. സ്വയം നല്ല ഒരു എഡിറ്റിങ്ങിനു വിധേയനാകേണ്ടതെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്ന ഒരു എഴുത്തുകാരന്‍ കൂടിയായ എഡിറ്ററും കൂടി ചേര്‍ന്നിരുന്ന് പരമപീഠം കയറിയ ആചാര്യരെ പോലെ പുതു തലമുറയിലെ എഴുത്തുകാരെ തുറിച്ചു നോക്കുകയാണ്.

ഭിന്നരുചികളെ നേരിടുമ്പോള്‍ എഡിറ്ററുടെ ഈ ആചാര്യ ഭാവം തടസ്സമാകാന്‍ പാടില്ല. എഡിറ്റിങ് ഒരു ദുരധികാര രൂപമായി വരാനും പാടില്ല. എല്ലാ ആശയങ്ങളെയും വ്യവഹാര രീതികളെയും തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയുന്ന ഒരാര്‍ജ്ജിത ബോധത്തിന്റെ അഭാവം ഈ പത്രാധിപക്കുറിപ്പിലുണ്ടെന്ന് എന്റെ ഏറ്റവുമടുപ്പമുള്ള പ്രിയ സുഹൃത്തും പ്രിയ എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രനോട് പറയാതിരിക്കാന്‍ കഴിയുന്നില്ല.

എഡിറ്റര്‍ സാഹിത്യം പഠിപ്പിക്കേണ്ട ആളല്ല. സിദ്ധിയും ബുദ്ധിയും അവരവരില്‍ മാത്രം കണ്ട് ആത്മരതിയില്‍ മുഴുകി തറവാടിത്ത ഘോഷണം നടത്തുന്നവരെ നോക്കിയാണ് പുതുതലമുറ പറയുന്നത്, ഞങ്ങള്‍ നിങ്ങളെയും കടന്നു പോകുമെന്ന്. സംഘാടകരുടെ മര്യാദയും ബുദ്ധിയും സിദ്ധിയും പ്രകടിപ്പിക്കേണ്ടിയിരുന്നത്, പല ദിക്കുകളില്‍ നിന്നായി വിളിച്ചു വരുത്തിയ ആ കുട്ടികള്‍ക്ക് പൗരനവകാശപെട്ടതും ലഭിക്കേണ്ടതുമായ പ്രാഥമിക ജനാധിപത്യ മര്യാദകള്‍ അനുവദിച്ചു കൊടുത്തു കൊണ്ട് വേണമായിരുന്നു. പുതിയ കാലത്തിന്റെ എഴുത്തുകാരുടെ സമര്‍പ്പണത്തിന്റെയും, ധ്യാനത്തിന്റെയും പ്രതിബദ്ധതയുടെയും തോതളക്കുവാന്‍ ഏത് അളവുകോലാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്? ഉപദേശിയുടെയോ പുരോഹിതന്റെയൊ വേഷമണിഞ്ഞ് പുതിയ എഴുത്തുകാരുടെ മേല്‍ അവിശ്വാസം രേഖപ്പെടുത്തിയത് മാതൃഭൂമി പോലെ ഒരു പ്രസിദ്ധീകരണത്തിന് യോജിച്ചതല്ല. ഒന്നുകില്‍, പ്രസിദ്ധീകരണ യോഗ്യമല്ല എങ്കില്‍ പുരസ്‌കാരമുണ്ടാവില്ല എന്ന് ആദ്യത്തെ അറിയിപ്പില്‍ ചേര്‍ക്കാമായിരുന്നു. അതല്ലെങ്കില്‍ പ്രതിഫലത്തുകയുടെ ആകര്‍ഷണത്തില്‍ വീണവര്‍ എന്ന് എഴുതിത്തുടങ്ങുന്ന കുട്ടികളെ അധിക്ഷേപിക്കാതെയെങ്കിലും ഇരിക്കാമായിരുന്നു. ഇത് മാതൃഭൂമിയ്ക്കുമേല്‍ വീണ വലിയ കളങ്കമാണ്.

കുട്ടികള്‍ ഒരു ജനതയാണ്. “വലിയ” എഴുത്തുകാരുടെ മുന്നില്‍ ആ ജനത അംഗീകരിക്കപ്പെടണമായിരുന്നു. അവരേക്കാള്‍ ഈ പത്തു കുട്ടികളെ ആദരിക്കാനായിരുന്നു മാതൃഭൂമിക്ക് കഴിയേണ്ടിയിരുന്നത്. അത് സ്ഥാപനത്തിനു കഴിയാതെ വന്നതുകൊണ്ടാണ്, സര്‍ഗ്ഗാത്മകത, അവരവരില്‍ നിന്നു തന്നെയുള്ള കുതറലാണെന്ന് തെളിയിച്ചു കൊണ്ട് ആ കുട്ടികള്‍, തങ്ങളുടെ കഥകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ആ കുട്ടികള്‍ പറയുന്നതിന്റെ ധ്വനി ഇതാണ്. സര്‍ഗ്ഗാത്മകതയെ നേരിടുമ്പോള്‍ വ്യത്യാസങ്ങളെക്കുറിച്ചുള്ള ഭയം പാടില്ല. ആര്‍ഭാടം നിറഞ്ഞ ആ ഉത്സവ സ്ഥലത്ത്, മരച്ചുവട്ടില്‍ “തട്ടിക്കുട്ടിയ വേദി”യില്‍ കൊണ്ടിരുത്തി അവരെ ഉപദേശിച്ചു നന്നാക്കുവാനുള്ള ശ്രമത്തോട് ആ കുട്ടികള്‍ എത്ര നിശിതവും സൂക്ഷ്മവുമായാണ് പ്രതികരിച്ചതെന്ന് ശ്രദ്ധിച്ചാല്‍ കേള്‍ക്കാം, “എഴുത്തിലെ ആചാര്യരൂപങ്ങളേ നിങ്ങള്‍ മാറി നില്‍ക്കൂ ” എന്ന താക്കീത്. മാതൃഭൂമിയെ കഥയും കവിതയും ലേഖനവും പ്രസിദ്ധീകരിച്ചു കാണണണമെന്നാഗ്രഹിക്കുന്ന നിരവധി പേര്‍ക്കു വേണമായിരിക്കും. ഭീമാ ജുവലറിക്കും വേണമായിരിക്കും. ഒരു നിര്‍ണായക ഘട്ടത്തില്‍ ഭീമാ നിങ്ങളെ ഉപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ ഭയന്നു പോയി. പക്ഷേ, പുതിയ തലമുറക്കു നിങ്ങളെ വേണ്ട എന്നു പറയുമ്പോഴാണ് നിങ്ങള്‍ സത്യത്തില്‍ ഭയപ്പെടേണ്ടത്.

അധ്യാപിക കൂടിയായ നോബല്‍ സമ്മാനാര്‍ഹയായ എഴുത്തുകാരി ആലീസ് മണ്‍റോയുടെ കയ്യില്‍ ഒരു പെണ്‍കുട്ടി ഒരു കഥ എഴുതിയത് വായിക്കുവാന്‍ കൊടുത്തു. ആ കഥ വായിച്ച അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒലിച്ചിറങ്ങി. മുന്‍പ് വായിച്ചിട്ടില്ലാത്ത വിധം അസാധാരണമായി തോന്നി ആലീസിന് ആ കഥ. കുട്ടി ആ വലിയ എഴുത്തുകാരിയോട് ചോദിച്ചു, എനിക്ക് എന്നാണു മാഡത്തിന്റെ ക്ലാസ്സില്‍ ഒന്ന് കയറാന്‍ കഴിയുക.? അന്ന് ആലീസ് ആ കുട്ടിയോട് പറഞ്ഞത്, “”നീ ഒരിക്കലും എന്റെ ക്ലാസ്സിന്റെ പരിസരത്തു കൂടി പോലും വരരുത്. പക്ഷേ നീ എഴുതുന്നതെല്ലാം എനിക്ക് തരണം”” എന്നാണ്. സര്‍ഗ്ഗാത്മകത ക്ലാസ്മുറിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല. എന്ന് മാത്രമല്ല അധ്യാപകരുടെ അമിതമായ ആത്മവിശ്വാസം കുട്ടിയുടെ സര്‍ഗ്ഗാത്മകതയെ നശിപ്പിച്ചു കളയുവാനും സാധ്യതയുണ്ട് എന്ന വലിയ അറിവ് അവര്‍ക്കുണ്ടായിരുന്നു. ആചാര്യ ഭാവം അധികമായാല്‍ അത് കുട്ടികളുടെ സര്‍ഗ്ഗാത്മകവ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആലീസ് പറഞ്ഞത്.

“നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ ഭാവ” മെന്നാണ് ആ എഴുത്തുകാരി നിരന്തരം സ്വയം ചോദിച്ചിരുന്ന ചോദ്യവും. അതെ, നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ ഭാവം?