ആ സിനിമയില്‍ മമ്മൂട്ടിക്ക് പേര് നല്‍കിയില്ല; യഥാര്‍ത്ഥ പേര് സിനിമയില്‍ എവിടെയും പറഞ്ഞില്ല: എസ്.എന്‍. സ്വാമി
Film News
ആ സിനിമയില്‍ മമ്മൂട്ടിക്ക് പേര് നല്‍കിയില്ല; യഥാര്‍ത്ഥ പേര് സിനിമയില്‍ എവിടെയും പറഞ്ഞില്ല: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 2:09 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കളിക്കളം. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് എസ്.എന്‍. സ്വാമിയാണ്.

നല്ലവനായ ഒരു കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി ആ ചിത്രത്തിലെത്തുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോര്‍ജ് മാത്യു നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ മുരളി, ശ്രീനിവാസന്‍, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ ആ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. സിനിമയില്‍ മമ്മൂട്ടിക്ക് പേരില്ലെന്നും അയാള്‍ പല വേഷത്തില്‍ വന്ന് പലപേരുകളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആ കഥാപാത്രത്തിന് കഥയില്‍ ഒരു പേര് നല്‍കിയിട്ടില്ലെന്നും അതിന്റെ ആവശ്യം വന്നിട്ടില്ലെന്നും എസ്.എന്‍. സ്വാമി പറഞ്ഞു. ആരെങ്കിലും അയാളുടെ പേര് വിളിക്കുന്നുണ്ടെങ്കിലോ ഇയാള്‍ ആരോടെങ്കിലും സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും മാത്രമല്ലേ പേരിന്റെ ആവശ്യം വരികയുള്ളു എന്ന് അദ്ദേഹം പറയുന്നു.

സത്യന്‍ അന്തിക്കാടാണ് തന്നോട് ആദ്യമായി ഈ സിനിമയുടെ കാര്യം പറയുന്നതെന്നും ആളുകള്‍ക്ക് ഇഷ്ടപെടുന്ന ഒരു കള്ളന്റെ കഥ പറയാനായിരുന്നു ആ ചിത്രമെടുത്തതെന്നും എസ്.എന്‍. സ്വാമി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘കളിക്കളം സിനിമയില്‍ മമ്മൂട്ടിക്ക് പേരില്ല എന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ആ കഥാപാത്രത്തിന് പേരേയില്ല. അയാള്‍ പല വേഷത്തില്‍ വന്നിട്ട് പല പേരുകളാണ് പറയുന്നത്. പക്ഷേ യഥാര്‍ത്ഥ പേര് സിനിമയില്‍ എവിടെയും പറയുന്നില്ല. അങ്ങനെ ഒരു പേര് കഥയില്‍ എഴുതിയിട്ടില്ല.

അതിന്റെ ആവശ്യം വന്നിട്ടില്ല. ആരെങ്കിലും ആ സിനിമയില്‍ അയാളുടെ പേര് വിളിക്കുന്നുണ്ടെങ്കില്‍ അല്ലേ പേരിന്റെ ആവശ്യമുള്ളൂ. അതുമല്ലെങ്കില്‍ ഇയാള്‍ ആരോടെങ്കിലും എന്താണ് പേരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തേണ്ടേ.

അയാള്‍ക്ക് ഒരിക്കലും അയാളുടെ യഥാര്‍ത്ഥ വേഷത്തില്‍ വരേണ്ടിവന്നിട്ടില്ല. സത്യന്‍ അന്തിക്കാടാണ് എന്നോട് ആദ്യമായി ഇതിന്റെ കാര്യം പറയുന്നത്. ആള്‍ക്കാര്‍ക്കൊക്കെ ഇഷ്ടപെടുന്ന ഒരു കള്ളന്റെ കഥ പറയാമെന്ന് പറഞ്ഞു,’ എസ്.എന്‍. സ്വാമി പറയുന്നു.


Content Highlight: S N Swamy Talks About Mammootty’s Kalikkalam