മലയാള സിനിമയിലെ മുതിര്‍ന്ന എഴുത്തുകാരനും സംവിധായകനുമായ വ്യക്തിയാണ് എസ്.എന്‍ സ്വാമി. 1984 ല്‍ സാജന്‍ സംവിധാനം ചെയ്ത ചക്കരയുമ്മ എന്ന ചിത്രത്തിന് തിരക്കഥയെഴുതി കരിയറാരംഭിച്ച അദ്ദേഹം തന്റെ ത്രില്ലര്‍ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രസിദ്ധനാണ്. മലയാളത്തിലെ ഹിറ്റ് കഥാപാത്രമായ സേതുരാമയ്യര്‍ സി.ബി.ഐക്ക് ജന്മം കൊടുത്ത സ്വാമി, മോഹന്‍ലാലിന്റെ കരിയറിലെ വഴിത്തിരിവായ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റയും തിരക്കഥാകൃത്താണ്.
കെ. മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുപതാം നൂറ്റാണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. താരം അവതരിപ്പിച്ച സാഗര്‍ ഏലിയാസ് ജാക്കിയെന്ന കഥാപാത്രത്തിന് വലിയ ആരാധക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായി എസ്.എന്‍ സ്വാമിയുടെ തന്നെ തിരക്കഥയില്‍ മലയാളത്തിലെ കള്‍ട്ട് ഡയറക്ടര്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്.
ആദ്യഭാഗത്തില്‍ നിന്നും വിപരീതമായി ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ്ങും ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്വാഗും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ താനെഴുതിയതില്‍ നിന്നും വ്യത്യസ്തമായ തിരക്കഥയായിരുന്നു സിനിമയായപ്പോള്‍ എന്ന എസ്.എന്‍ സ്വാമിയുടെ ഒരു അഭിമുഖത്തിനിടയിലുള്ള പ്രതികരണമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്.
ലോജിക്ക് ഇല്ലാത്ത കഥയാണ് സിനിമയെടുത്തപ്പോള്‍ ഉണ്ടായതെന്നും താനെഴുതിയ കഥ ഇതിലും കാഷ്വല്‍ ആയിരുന്നുവെന്നും എല്ലാത്തിനും ഇതിനെക്കാള്‍ ലോജിക്ക് ഉണ്ടായിരുന്നുവെന്നും എസ്.എന്‍ സ്വാമി പറയുന്നു. സ്വാമി എന്നെ വായിച്ചുകേള്‍പ്പിച്ച കഥയൊന്നുമല്ല ഇവര്‍ ഇവിടെ എടുത്തുകൊണ്ടിരിക്കുന്നതെന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ചുപറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത് വിഷയമാക്കാന്‍ പോയിരുന്നെങ്കില്‍ ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ കഷ്ടത്തിലാകുമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ തന്നെ പ്രശ്‌നമാക്കരുതെന്ന് ആന്റണി പറഞ്ഞതായും സ്വാമി ഓര്‍ത്തെടുക്കുന്നു. ചിത്രം കണ്ടതിനുശേഷം ഇത് തന്റെ കഥയല്ലെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സുമന്‍, ഭാവന, ശോഭന, മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി നായകനായ ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡിനുണ്ടായിരുന്നു.
Content Highlight: S.N Swami talks about how Mohanlal’s Sagar Alias Jacky movie differ from his script
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.