വൗ അത് എന്തൊരു ചിത്രമായിരുന്നു, ഫാസിൽ സാറിന്റെ സിനിമകൾ മിസ് ചെയ്യുന്നു: എസ്‌.ജെ. സൂര്യ
Indian Cinema
വൗ അത് എന്തൊരു ചിത്രമായിരുന്നു, ഫാസിൽ സാറിന്റെ സിനിമകൾ മിസ് ചെയ്യുന്നു: എസ്‌.ജെ. സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th November 2023, 9:47 am

സംവിധായകനായി കരിയർ ആരംഭിച്ച് ഇന്ന് തെന്നിന്ത്യ മുഴുവൻ വലിയ ആരാധകരുള്ള നടനായി മാറിയ താരമാണ് എസ്‌.ജെ. സൂര്യ. ഓരോ കഥാപാത്രങ്ങളും പ്രകടനങ്ങളിലൂടെ വ്യത്യസ്തമാക്കൻ സൂര്യയ്‌ക്ക് കഴിയാറുണ്ട്.

കാർത്തിക് സുബ്ബരാജ് ഒരുക്കിയ ജിഗർതണ്ട ഡബിൾ എക്സ് തിയേറ്ററിൽ മുന്നേറുമ്പോൾ വീണ്ടും ചർച്ചയാവുന്നുണ്ട് എസ്‌.ജെ. സൂര്യയുടെ പ്രകടനം.

മലയാള സിനിമകൾ കാണാറുണ്ടെന്നാണ് താരം പറയുന്നത്. ഈയിടെ കണ്ട ചിത്രങ്ങൾ ലൂസിഫറും ട്രാൻസുമാണെന്നും പക്ഷെ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് സംവിധായകൻ ഫാസിലിന്റെ ചിത്രങ്ങൾ ആണെന്നും സൂര്യ പറയുന്നു.

അദ്ദേഹത്തിന്റെ ‘പൂവേ പൂ ചൂടവാ’ എന്ന ചിത്രം മികച്ച ഒരു സിനിമയാണെന്നും സൂര്യ കൂട്ടിച്ചേർത്തു. മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഫാസിൽ തന്നെ ഒരുക്കിയ റീമേക്കായിരുന്നു തമിഴ് പതിപ്പായ പൂവേ പൂ ചൂടവാ എന്ന സിനിമ.

ജിഗർതണ്ട സിനിമയുടെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്‌.ജെ. സൂര്യയും താരങ്ങളും.

‘ഞാൻ മലയാള സിനിമകൾ കാണാറുണ്ട്. ലേറ്റസ്റ്റായി കണ്ടത് ലൂസിഫറും ഡ്രൈവിങ് ലൈസൻസുമാണ്. ഫഹദ് ഫാസിൽ സാർ അഭിനയിച്ച ട്രാൻസ് എന്ന ചിത്രവും ഞാൻ കണ്ടിരുന്നു. അങ്ങനെ കുറേ പുതിയ മലയാള സിനിമകൾ കാണാറുണ്ട്.

പക്ഷെ ഞാൻ മിസ്സ്‌ ചെയ്യുന്നത് ഫാസിൽ സാറിന്റെ സംവിധാനത്തിലുള്ള ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ ഒരു സിനിമ കണ്ടിട്ട് ഒരുപാട് വർഷങ്ങളായി.

ഫാസിൽ സാറിന്റെ പൂവേ പൂചൂട വാ എന്ന ഒരു ചിത്രമുണ്ട്. വൗ അത് എന്തൊരു സിനിമയാണ്. ഞാൻ ഫാസിൽ സാറിനെ ശരിക്കും മിസ് ചെയ്യുന്നു. അദ്ദേഹത്തിന് കണ്ടന്റുകൾ വളരെ സമകാലികമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

ഞാൻ സഹ സംവിധായകനായിരുന്നപ്പോൾ എന്റെ ഡയറക്ടർ എന്നോട് പറയുമായിരുന്നു ഈ സിനിമകൾ എല്ലാം കണ്ടിട്ട് പോയിന്റുകൾ എഴുതിയെടുക്കാൻ. അതുപോലെ അന്ന് കണ്ട മറ്റൊരു സിനിമയാണ് പ്രിയദർശൻ സാറിന്റെ ചിത്രം. അങ്ങനെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്,’എസ്‌.ജെ. സൂര്യ പറയുന്നു.

ജിഗർതണ്ട ഡബിൾ എക്സ് മികച്ച അഭിപ്രായവുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. കാർത്തിക് സുബ്ബരാജ് തന്നെ ഒരുക്കിയ ജിഗർതണ്ടയുടെ തുടർച്ചയാണ് ഡബിൾ എക്സും. എസ്‌.ജെ. സൂര്യയോടൊപ്പം രാഘവ ലോറൻസും മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Content Highlight: S.J.Surya Talk About Malayalam Director Fazil