
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ ടി.പി ശ്രീനിവാസന് നേരെ എസ്.എഫ്.ഐ യുടെ കൈയ്യേറ്റശ്രമം.
കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനു എത്തിയപ്പോഴായിരുന്നു ശ്രീനിവാസനെതിരെ കൈയ്യേറ്റം നടന്നത്.
വേദിയിലേക്കു നടന്നു വന്ന ശ്രീനിവാസനെ തടയുകയും തുടര്‍ന്നു മുന്‍ നിരയിലുണ്ടായിരുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയുമായിരുന്നു. അടിയേറ്റ് അദ്ദേഹം നിലത്തുവീഴുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് അദ്ദേഹത്തെ അവിടെ നിന്നും മാറ്റുകയായിരുന്നു.
ആഗോള വിദ്യാഭ്യാസ സംഘമത്തിന്റെ മുഖ്യ സംഘാടകനാണ് ടി.പി ശ്രീനിവാസന്‍. സംഗമം വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമാക്കിയുള്ളതാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ടി.പി ശ്രീനിവാസന്‍ വിദ്യാഭ്യാസ കച്ചവടത്തിനു കൂട്ടുനില്‍ക്കുന്നുവെന്ന് മുന്‍പും എസ്.എഫ്.ഐ ആരോപിച്ചിരുന്നു.
എസ്.എഫ്.ഐയുടെ പ്രമുഖ നേതാക്കളടക്കം സ്ഥലത്തുണ്ടായിരുന്നു. മുന്‍ നിരയിലുണ്ടായ പ്രവര്‍ത്തകരാണ് ശ്രീനിവാസനെ തിരിച്ചറിഞ്ഞ് കൈയ്യേറ്റം ചെയ്തത്. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
പരിപാടിയുടെ പ്രധാന സംഘാടകനാണെന്ന് മനസിലാക്കിത്തന്നെയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കൈയ്യേറ്റം ചെയ്തതെന്നും കൂട്ടത്തിലൊരാള്‍ തന്റെ പേര് വിളിച്ചു പറഞ്ഞതിനുശേഷമാണ് അക്രമിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
“ഞാന്‍ കാറില്‍ സംഗമത്തിനെത്തിയതായിരുന്നു. ഉപരോധം കണ്ടതിനാല്‍ കാറില്‍ നിന്നിറങ്ങി വേദിയിലേക്ക് നടന്നു പോവുകയായിരുന്നു. അപ്പോഴാണ് കൈയ്യേറ്റം ചെയ്തത്. ഇപ്പോള്‍ അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. പോലിസ് കമ്മീഷണറെ വിവരമറിയിച്ചിട്ടുണ്ട്.”,ശ്രീനിവാസന്‍ പറഞ്ഞു.
ആഗോള വിദ്യാഭ്യാസ സംഗമം തടസ്സപ്പെടുത്താന്‍ വേദിക്കരികില്‍ എത്തിയതായിരുന്നു എസ്.എഫ് .ഐ പ്രവര്‍ത്തകര്‍.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ചടങ്ങിനെത്തില്ലെന്നറിയിക്കുകയായിരുന്നു.
മന്ത്രി അബ്ദുറബ്ബ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നതിനാലുമാണ് ഉപരോധവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങിയത്.
