സച്ചിന് പോലും അത് സംഭവിച്ചു, സഞ്ജുവിനെ ക്യാപ്റ്റനാക്കണം: നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
സച്ചിന് പോലും അത് സംഭവിച്ചു, സഞ്ജുവിനെ ക്യാപ്റ്റനാക്കണം: നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
Sudev A
Saturday, 23rd May 2026, 6:20 pm

2026 ഐപിഎല്‍ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നടത്തിയത്. 14 മത്സരങ്ങളില്‍ നിന്നും ആറ് ജയവും എട്ട് തോല്‍വിയുമടക്കം 12 പോയിന്റുമായാണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. പരിക്കിന്റെ തിരിച്ചടിയിലും അവസാനം വരെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി ചെന്നൈ പോരാടി. പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിര്‍ണായകമായ മത്സരങ്ങളില്‍ സി.എസ്.കെ പരാജയപ്പെടുകയായിരുന്നു.

ഇപ്പോള്‍ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രമണ്യം ബദ്രിനാഥ്. ചെന്നൈയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ മലയാളി താരമായ സഞ്ജു സാംസണ്‍ ആണെന്നാണ് ബദ്രിനാഥ് അഭിപ്രായപ്പെടുന്നത്.

ഗെയ്ക്വാദ് മികച്ച ബാറ്റര്‍ ആണെന്നും ക്യാപ്റ്റന്‍സിയില്‍ സഞ്ജുവാണ് മികച്ചതെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള താരങ്ങളെ പോലും ബാധിച്ചിട്ടുണ്ടെന്നും ബദ്രിനാഥ് വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സി.എസ്.കെയെ ഋതുരാജ് ഗെയ്ക്വാദ് നയിക്കേണ്ടതില്ല. ടീമിനെ നയിക്കാന്‍ സഞ്ജു സാംസണാണ് ഏറ്റവും അനുയോജ്യം. ടി-20യിലെ മികച്ച ബാറ്ററാണ് ഋതുരാജ്. ചെന്നൈക്ക് വേണ്ടി അവന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ ബാറ്റിങ് ടീമിന് വളരെ പ്രധാനമാണ്. ക്യാപ്റ്റന്‍സിയില്‍ സഞ്ജു മികച്ചതാണ്. അതിനാല്‍ അവനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയാല്‍ ഒരു ബാറ്ററായി കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും.

ഇത് ഒരു കഠിനമായ തീരുമാനമാവില്ല. താരത്തിനും ടീമിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ഇത് അവന് മാത്രം സംഭവിക്കുന്ന കാര്യമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലുള്ള വലിയ താരങ്ങളെയും ക്യാപ്റ്റന്‍സി ബാധിച്ചിട്ടുണ്ട്. ഒരാള്‍ വളരെ വികാരാധീനനും അധികം ചിന്തിക്കുന്നവനുമാണെങ്കില്‍ ബാറ്റ് ചെയ്യുമ്പോള്‍ പോലും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം ബുദ്ധിമുട്ടിലാക്കും,’ സുബ്രമണ്യം ബദ്രിനാഥ് പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്, Photo: NDTV Sports

2024ല്‍ ചെന്നൈയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ഗെയ്ക്വാദിന് ക്യാപ്റ്റന്‍സിയില്‍ മോശം റെക്കോഡാണുള്ളത്. 33 മത്സരങ്ങളില്‍ സി.എസ്.കെയുടെ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞ ഗെയ്ക്വാദ് 14 മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

എന്നാല്‍ സഞ്ജു സാംസണ്‍ ഇതിനോടകം തന്നെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 67 മത്സരങ്ങളില്‍ രാജസ്ഥാന്റെ ക്യാപ്റ്റനായ സഞ്ജു 33 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. 2022 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ രാജസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു.

Content Highlight: S. Badrinath talk Sanju Samson should be Chennai super kings captain

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.