സഞ്ജു സാംസണിനെയും വൈഭവ് സൂര്യവംശിയെയും ഓപ്പണിങ്ങില്‍ മാറ്റി പരീക്ഷിച്ചതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. സഞ്ജുവിനും സൂര്യവംശിക്കും ഓരോ അനുഭവമാണുണ്ടായതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഇരുവര്‍ക്കും പൂര്‍ണ ആത്മവിശ്വാസം നല്‍കാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ഗെയിംസിനുള്ള ടീമിലുള്ളപ്പോൾ എന്തുകൊണ്ട് സിംബാബ്‌വേ പര്യടനത്തില്‍ മാത്രം സഞ്ജുവില്ലെന്നും അദ്ദേഹം ചോദിച്ചു. സഞ്ജുവും വൈഭവുമില്ലാതെ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്നും ഇരുവരും ഇല്ലാത്തപ്പോള്‍ ഈ ടി – 20 ടീം കാണാന്‍ തന്നെ തീര്‍ത്തും വ്യത്യസ്തമാണെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.
‘മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണിനെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചു. പിന്നീട് സൂര്യവംശിക്കും അതേ അനുഭവം തന്നെ നേരിട്ടു. സഞ്ജുവിനെ തിരിച്ചുകൊണ്ടുവന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സഞ്ജുവിനോ സൂര്യവംശിക്കോ പൂര്‍ണമായ ആത്മവിശ്വാസം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
സഞ്ജുവായാലും സൂര്യവംശിയായാലും ആരാണ് ടീമിലെ സ്ഥിരം സാന്നിധ്യമെന്ന് ആര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ഒരുപാട് അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് പ്രയാസമാണ്. അവസാന ടി – 20യില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ സൂര്യവംശി ഏകദേശം കരച്ചിലിന്റെ വക്കിലായിരുന്നു. ആ മുഖത്തേക്ക് നോക്കാന്‍ പോലും പ്രയാസമായിരുന്നു.
മാനേജ്മെന്റിന്റെ ചില തീരുമാനങ്ങള്‍ ഒട്ടും മനസിലാകാത്തതാണ്. സഞ്ജു ഏഷ്യന്‍ ഗെയിംസ് ടീമിലുണ്ട്. പിന്നെ എന്തുകൊണ്ടാണ് സിംബാബ്‌വേ പരമ്പരയില്‍ മാത്രം അവന്‍ ഇല്ലാത്തത്? ഇവര്‍ രണ്ടുപേരുമില്ലാതെ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടുന്നു എന്നത് വ്യക്തമാണ്. ഇവര്‍ രണ്ടുപേരും ഇല്ലാത്തപ്പോള്‍ ഈ ടി – 20 ടീം കാണാന്‍ തന്നെ തീര്‍ത്തും വ്യത്യസ്തമാണ്,’ ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് വേണ്ടി കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ മലയാളി ബാറ്റര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.
പിന്നാലെ രണ്ടാം മത്സരത്തില്‍ വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ കളിച്ച മൂന്ന് മത്സരത്തിലും 15കാരന്‍ പരാജയപ്പെട്ടതോടെ അവസാന ടി – 20യില്‍ സഞ്ജുവിനെ ഓപ്പണറായി തിരികെ കൊണ്ടുവന്നിരുന്നു.
Content Highlight: S Badrinath slammed Indian team for changing Sanju Samson and Vaibhav Sooryavanshi in top order