അവനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് മികച്ച തീരുമാനം; ബദ്രിനാഥ്
Cricket
അവനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് മികച്ച തീരുമാനം; ബദ്രിനാഥ്
ഫസീഹ പി.സി.
Monday, 8th June 2026, 9:31 am

ഇന്ത്യയുടെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ടി – 20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയായിരുന്നു ടീം പ്രഖ്യാപനം. എന്നാല്‍, ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടര്‍ച്ചയായി രണ്ട് വര്‍ഷം കിരീടമണിയിച്ചിട്ടും രജത് പാടിദാറിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

അതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. രജതും ശിവം ദുബെയും വ്യത്യസ്ത വിഭാഗത്തിലാണെന്നും ദുബെയ്ക്ക് പകരം പാടിദാറിനെ ടീമിലെടുക്കുന്നത് ഒരു ഗോള്‍കീപ്പര്‍ക്ക് പകരം ഒരു ഫോര്‍വേഡിനെ ഇറക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്. ബദ്രിനാഥ്. Photo: Crictracker/x.com

ശ്രേയസ് അയ്യരുടെ പൊസിഷനിലാണ് പാടിദാര്‍ കളിക്കുന്നതെന്നതിനാല്‍ രജതിനെ ഉള്‍പ്പെടുത്താത്തത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

‘രജത് പാടിദാറും ശിവം ദുബെയും വ്യത്യസ്ത വിഭാഗത്തിലാണ്. ദുബെയ്ക്ക് പകരം പാടിദാറിനെ കൊണ്ടുവരുന്നത് ഒരു ഗോള്‍കീപ്പര്‍ക്ക് പകരം ഒരു ഫോര്‍വേഡിനെ ഇറക്കുന്നതുപോലെയാണ്. ദുബെ ഇന്ത്യക്കായി സ്ഥിരം ബൗള്‍ ചെയ്യാറുണ്ട്. അതിനാല്‍ അവന്‍ ഓള്‍റൗണ്ടര്‍ കം ഫിനിഷര്‍ എന്ന ക്യാറ്റഗറിയിലാണ് വരുന്നത്.

പാടിദാര്‍ ശ്രേയസ് അയ്യരുടെ പൊസിഷനിലാണ് കളിക്കുന്നത്. അവനെ ടീമിലെടുക്കണമെങ്കില്‍ ശ്രേയസിനൊപ്പം തിലക് വര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കേണ്ടി വരും. അത് സാധ്യമല്ലാത്തതിനാല്‍ പാടിദാറിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണ്.

ശ്രേയസ് അയ്യര്‍ ടി – 20 ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ പാടിദാറിനെ എങ്ങനെ ടീമിലെടുക്കും? തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടിയും ഈ ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്. പാടിദാര്‍ ആര്‍.സി.ബിക്ക് വേണ്ടി നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യന്‍ ടീമില്‍ അവന് സ്ഥാനമില്ല. വൈഭവ് സൂര്യവംശി പോലും തന്റെ മികച്ച പ്രകടനം കൊണ്ടാണ് ടീമിലെത്തിയത്. പാടിദാര്‍ അത്രയും മികച്ച പ്രകടനം നടത്തിയിട്ടില്ല,’ ബദ്രിനാഥ് പറഞ്ഞു.

2026 ഐ.പി.എൽ കിരീടവുമായി രജത് പാടിദാർ. Photo: Johns/x.com

ഐ.പി.എല്‍ 2026ല്‍ പാടിദാര്‍ 15 മത്സരങ്ങളില്‍ 501 റണ്‍സെടുത്തിട്ടുണ്ട്. ഈ വര്‍ഷത്തെ കിരീടനേട്ടത്തില്‍ താരത്തിന്റെ ഈ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായി ചുമതലയേറ്റ് ആര്‍.സി.ബിയെ കിരീടമാണിച്ച് ശ്രദ്ധ നേടിയിരുന്നു. കിരീടനേട്ടം ക്യാപ്റ്റന്‍സിയുടെ രണ്ടാം വാര്‍ഷികത്തിലും ആവര്‍ത്തിച്ചതോടെ രജതിനെ ടീമിലെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Content Highlight: S Badrinath says that excluding Rajat Patidar’s non selection in Indian T20 team is justified

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി