ഐ.പി.എല്ലില്‍ മോശം പ്രകടനം നടത്തിയ ടീമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ 2026ലെ സീസണില്‍ 10ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്. 2025ലും സമാനമായ പ്രകടനമായിരുന്നു ലഖ്‌നൗ കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും റിഷബ് പന്തിന്റെ പരാജയമാണ് ടീമിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇപ്പോള്‍ പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രീനാഥ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് പന്ത് വലിയ നിരാശയാണ് നല്‍കിയതെന്നും അവര്‍ റിഷബ് പന്തിനെ വിട്ടയക്കണമെന്നും ബദ്രീനാഥ് പറഞ്ഞു. പന്തിനൊപ്പം നിക്കോളാസ് പൂരന്‍, മായങ്ക് യാദവ് എന്നിവരെയും റിലീസ് ചെയ്ത്, ആ തുകകൊണ്ട് പുതിയ ടീം ഉണ്ടാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
‘ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് പന്ത് വലിയ നിരാശയാണ് നല്‍കിയത്. അവര്‍ റിഷബ് പന്തിനെ വിട്ടയക്കേണ്ടതുണ്ട്. ഉയര്‍ന്ന വില കാരണം ഏതെങ്കിലും ടീം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്നത് സംശയമാണ്. അതിനാല്‍ പന്ത് ലേലത്തില്‍ പങ്കെടുക്കേണ്ടിവരും. ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കും. പക്ഷേ അവര്‍ അത് ചെയ്‌തേ തീരൂ.
ദേശീയ ടീമുകളെ നയിക്കുന്ന എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് എന്നിവരെപ്പോലുള്ള മികച്ച ക്യാപ്റ്റന്മാര്‍ അവര്‍ക്കുണ്ട്. പന്തിനൊപ്പം (27 കോടി), നിക്കോളാസ് പൂരന്‍ (21 കോടി), മായങ്ക് യാദവ് (11 കോടി) എന്നിവരെയും ലഖ്‌നൗ വിട്ടയക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, അവര്‍ക്ക് 60 കോടി രൂപ ലഭിക്കും, അതായത് പകുതി പണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ അവര്‍ക്കൊരു മികച്ച ടീം ഉണ്ടാക്കാന്‍ സാധിക്കൂ,’ എസ്. ബദ്രീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 2025ലെ മെഗാ ലേലത്തില്‍ 27 കോടിക്കാണ് താരത്തെ ലഖ്‌നൗ സ്വന്തമാക്കിയത് എന്നാല്‍ നിലവില്‍ ലഖ്‌നൗവിന് പന്ത് ഒരു ബാധ്യതയായോ എന്നാണ് ക്രിക്കറ്റ് പ്രേമികളും ചിന്തിക്കുന്നത്.
Content Highlight: S Badrinath Criticize LSG Captain Rishabh Pant