ടോക്കിയോ: ഇന്ന് (ജൂലൈ 5) പുലര്‍ച്ചെ 4.18ന് ജപ്പാനില്‍ സുനാമിയുണ്ടാകുമെന്ന ജാപ്പനീസ് മാംഗ ആര്‍ടിസ്റ്റ് റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല. ജപ്പാനില്‍ ഇതുവരെയും തത്സുകി പ്രവചിച്ചത് പോലെയുള്ള ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തത്സുകിയുടെ പ്രവചനം പോലെ അപകടങ്ങള്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് ജപ്പാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സഞ്ചാരികള്‍ പിന്‍മാറിയതോടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
ദുരന്തങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഈ പ്രവചനം ജപ്പാനിലെ ടൂറിസം മേഖലയെ സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രവചനം ഭയന്ന് ജപ്പാനിലക്കേുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രവചനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ പ്രവചനം രേഖപ്പെടുത്തിയ തത്സുകിയുടെ പുസ്തകത്തിന്റെ വില്‍പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റാണ് എഴുപതുകാരിയായ റിയോ തത്സുകി. ഗ്രാഫിക് ഇല്ലുസ്‌ട്രേറ്റ് പുസ്തകങ്ങളെയാണ് മാംഗ എന്ന് വിളിക്കുന്നത്. ഇല്ലുസ്‌ട്രേറ്റ് ചിത്രങ്ങളിലൂടെ കഥപറയുന്ന രീതിയാണിത്. താന്‍ കണ്ട സ്വപ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തത്സുകിയുടെ പുസ്തകങ്ങളെല്ലാം. ഈ പുസ്തകങ്ങളിലാണ് തത്സുകി തന്റെ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത്. ബാബ വാഗ എന്നാണ് ആരാധകര്‍ റിയോ തത്സുകിയെ വിശേഷിപ്പിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1975മുതലാണ് റിയോ തത്സുകി ഒരു മാംഗ ആര്‍ടിസ്റ്റായി തുടക്കം കുറിച്ചത്. പിന്നീട് 1980 മുതല്‍ അവര്‍ പ്രവചന സ്വഭാവത്തിലുള്ള സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുകയും അവയെല്ലാം ഒരു ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തു.
ഇവയെല്ലാം ചേര്‍ത്ത് 1999ല്‍ ദി ഫ്യൂച്ചര്‍ ഐ സോ എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. വര്‍ഷങ്ങളോളം ഈ പുസ്തകത്തിന് വലിയ ശ്രദ്ധയൊന്നും ലഭിച്ചില്ല. എന്നാല്‍ 2011ലെ ജപ്പാനിലെ തൊഹോകു ഭൂകമ്പവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തെത്സുകിയും അവരുടെ പുസ്തകവും ശ്രദ്ധനേടുന്നത്.
പിന്നീട് 2021ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് 2025 ജൂലൈ 5ന് പുലര്‍ച്ചെ ജപ്പാനില്‍ സുനാമിയുണ്ടാകുമെന്ന് തത്സുകി പ്രവചിച്ചത്. കൃത്യ സമയം ഉള്‍പ്പടെയായിരുന്നു തത്സുകിയുടെ പ്രവചനം. പുലര്‍ച്ചെ 4.18ന് ജപ്പാനും ഫിലിപ്പീന്‍സിനുമിടയില്‍ സമുദ്രത്തിന് താഴെ വലിയൊരു ഭൂകമ്പമുണ്ടാകുമെന്നും അത് 2011ലെ സുനാമിയേക്കാള്‍ അപകടകാരിയായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്.
ഈ പ്രവചനമാണ് ഇപ്പോള്‍ ഫലിക്കാതെ പോയത്. പ്രവചനം ഫലിച്ചില്ലെങ്കിലും ഭയംകാരണം ജപ്പാനിലേക്കുള്ള യാത്രകള്‍ പലരും ഒഴിവാക്കി. ഇക്കാരണത്താല്‍ തന്നെ നിരവധി വിമാന സര്‍വീസുകളും റദ്ദാക്കേണ്ടി വന്നു. യാത്രക്കാര്‍ ജപ്പാനിലേക്ക് വരാന്‍ ഭയപ്പെട്ടതോടെ വിനോദ സഞ്ചാരമേഖലക്ക് വലിയ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നേരത്തെ ഡയാന രാജകുമാരിയുടെയും വിഖ്യാധ ഗായകന്‍ ഫ്രെഡി മെര്‍കുറിയുടെയും മരണങ്ങള്‍ തത്സുകി പ്രവചിച്ചിരുന്നതായാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. കൊവിഡ് 19 ഉള്‍പ്പടെയുള്ള മഹാമാരികളെ കുറിച്ചും തത്സുകി പ്രവചിച്ചിരുന്നതായണ് അവകാശവാദം.
content highlights: Ryo Tatsuki‘s prediction failed; Although nothing happened in Japan, the tourism sector reportedly collapsed, with losses from canceled flights