നൈജീരിയ ഇന്‍വിറ്റേഷണല്‍ വുമണ്‍സ് ടി-20യില്‍ ചരിത്രം കുറിച്ച് റവാന്‍ഡയുടെ ഫണ്ണി ഉതഗുഷിമാനിന്‍ഡെ. അന്താരാഷ്ട്ര വനിതാ ടി-20 മത്സരത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമാകാനാണ് ഫണ്ണിക്ക് സാധിച്ചത്. തന്റെ 15ാം വയസിലാണ് റവാന്‍ഡ താരം ലോക ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
തഫാവ ബലേവ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഘാന വുമണ്‍സിനെതിരെ 65 പന്തില്‍ 17 ഫോര്‍ ഉള്‍പ്പെടെ 111 റണ്‍സ് നേടി പുറത്താകാതെയാണ് വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചത്. 170.77 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ റെക്കോഡ് നേട്ടത്തില്‍ ഓസീസ് താരം കറണ്‍ റോള്‍ട്ടണെയും വിന്‍ഡീസ് താരം സ്റ്റഫൈന്‍ ടൈലറേയും മറികടക്കാനാണ് താരത്തിന് സാധിച്ചത്.
അതേസമയം മാര്‍ച്ച് 20ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ റവാന്‍ഡ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഘാനയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 122 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് റവാന്‍ഡ നേടിയത്.
റവാന്‍ഡയ്ക്ക് വേണ്ടി സെഞ്ച്വറി നേടി 19 പന്തില്‍ 32 റണ്‍സ് നേടിയ മെറിവില്ലി ഉവാസയും തിളങ്ങി. ഘാനയ്ക്ക് വേണ്ടി ഗ്രേസ്, മറിയം ഇഷം, എമെസ്റ്റിന സംഗോയി എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ഘാനയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ 31 റണ്‍സ് നേടിയ കാറ്റ് അവൂഹ ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlight: Rwanda Women’s Cricketer Fanny Utagushimaninde In World Record