തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. വന്ദേമാതരത്തോടുള്ള ഉചിതമായ ആദരവാണ് ഈ നടപടിയെന്ന് ആര്‍.വി. ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മന്ത്രിമാരെ മതമെടുത്ത് പറഞ്ഞുകൊണ്ടുള്ള പരാമര്‍ശവും ആര്‍.വി. ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. ലീഗുകാരും മറ്റു മുസ്‌ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു എന്നാണ് പോസ്റ്റിലെ പരാമര്‍ശം. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നു പറഞ്ഞവരുമെന്ന് ഈ മന്ത്രിമാരെ വിശേഷിപ്പിച്ച് കൊണ്ടാണ് ആര്‍.വി. ബാബുവിന്റെ പരാമര്‍ശം.
‘ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ചൊല്ലി കൊണ്ട് കേരളത്തില്‍ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു. വന്ദേമാതരത്തെ എതിര്‍ത്തവരും ജീവന്‍ പോയാലും അത് ചൊല്ലാനാവില്ലെന്നും പറഞ്ഞ ലീഗുകാരും മറ്റു മുസ്‌ലീം മന്ത്രിമാരും വന്ദേമാതരത്തെ ആദരിച്ച് അറ്റന്‍ഷനായി നിന്നു. വന്ദേമാതരത്തിന്റെ 150 -ാം വര്‍ഷം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് വന്ദേമാതരത്തോടും അതെഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോടുമുള്ള ഒരു ഉചിതമായ ആദരവ് തന്നെയാണ്,’ ആര്‍.വി ബാബു കുറിച്ചു.
നേരത്തെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോഴും വേദിയില്‍ വന്ദേമാതരം ആലപിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം ആലപിക്കുന്നത്.

