ഐ.പി.എല്ലില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്നൗ ചെന്നൈയെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരശേഷം ഈ തോല്‍വിയെക്കുറിച്ച് ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് സംസാരിച്ചു. എല്ലാ ക്രെഡിറ്റും എല്‍.എസ്.ജി ബാറ്റര്‍മാര്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഗെയ്ക്വാദ് പറഞ്ഞത്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുമെന്ന ആത്മവിശ്വാസവും ഗെയ്ക്വാദ് പ്രകടിപ്പിച്ചു.
‘ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കി. ഹാര്‍ഡ് ലെങ്ത്തില്‍ അടിക്കാനാണ് ശ്രമിച്ചത്. അവര്‍ അസാധാരണമായ ഷോട്ടുകള്‍ കളിച്ചു. അവരുടെ ഓപ്പണര്‍മാര്‍ അസാധാരണമായി കളിച്ചു. അത് നമ്മള്‍ അംഗീകരിക്കണം. കഴിഞ്ഞ മത്സരത്തിലും അവര്‍ നന്നായാണ് തുടങ്ങിയത്. എല്ലാ ക്രെഡിറ്റും അവരുടെ ബാറ്റര്‍മാര്‍ക്ക് നല്‍കുന്നു. കാര്‍ത്തിക്കും മികച്ച രീതിയില്‍ കളിച്ചു. ഇനിയുള്ള വെല്ലുവിളി ചെന്നൈയിലേക്ക് എത്തുകയെന്നാണ്. തുടര്‍ന്ന് എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് ചിന്തിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും വേണം. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം’, ഋതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ലഖ്നൗ വിജയിച്ചത്. 38 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സാണ് നേടിയത്. ജോഷ് ഇംഗ്ലിസ് 36 റണ്‍സും അവസാന ഘട്ടത്തില്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനവും ലഖ്നൗവിനെ വിജയത്തിലെത്തിച്ചു.
ചെന്നൈയ്ക്ക് വേണ്ടി എക്സ്പന്‍സീവ് ഓവര്‍ എറിഞ്ഞത് അന്‍ഷുല്‍ കാംബോജായിരുന്നു. 2.4 ഓവറില്‍ 63 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാതെ 23.63 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മുകേഷ് ചൗധരിയും സ്പെന്‍സര്‍ ജോണ്‍സനും ചെന്നൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് നേടി.
ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 42 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. കാര്‍ത്തിക്കിന് പുറമെ അവസാന ഘട്ടത്തില്‍ ചെന്നൈയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ശിവം ദുബെയാണ്. 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ശിവം നേടിയത്.
ലഖ്നൗവിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആകാശ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: Ruturaj Gaikwad talks about Lucknow super giants batters performance