ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പരാജയത്തിന്റെ കാരണത്തെക്കുറിച്ച് സംസാരിച്ച് ചെന്നൈ ക്യാപ്റ്റനും ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദ്. 11ാം ഓവറിലും 12ാം ഓവറിലുമായി ചെന്നൈക്ക് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായതെന്നും അവസാന ഓവറില്‍ 12-13 റണ്‍സ് നേടുന്നത് വരെ ബുദ്ധിമുട്ടായിരിക്കുമെന്നും ഗെയ്ക്വാദ് പറഞ്ഞു. മാത്രമല്ല ഹൈദരാബാദിന് വേണ്ടി അഭിഷേക് ശര്‍മ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ചെന്നൈയ്ക്ക് വെല്ലുവിളിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പത്ത് ഓവറിനുശേഷമുള്ള അടുത്ത രണ്ട് ഓവറുകളില്‍ ഞങ്ങള്‍ക്ക് നാല് റണ്‍സ് മാത്രമേ നേടാനായുള്ളൂ. മാത്രമല്ല അവസാന ഓവറില്‍ 12-13 എന്ന റണ്‍സ് നേടുന്നത് പോലും ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും തുടര്‍ച്ചയായ മൂന്ന് കളികളില്‍ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്നത്തെ പവര്‍പ്ലേയില്‍ പോലും അഭിഷേക് മികച്ച പ്രകടനം കാഴ്ചവച്ചു,’ മത്സര ശേഷം ഋതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മിന്നും വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.
നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ മലിംഗയാണ് ചെന്നൈയെ തകര്‍ത്തത്. നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റും ശിവാങ് കുമാര്‍, സാകിബ് ഹുസൈന്‍, പ്രഫുല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ചെന്നൈക്കായി മാത്യു ഷോര്‍ട്ട് 34 റണ്‍സും ആയുഷ് മാത്രേ 30 റണ്‍സും നേടി പൊരുതി. ശിവം ദുബൈ 21 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയും ഹെന്റിക്ക് ക്ലാസനുമാണ്. 22 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ക്ലാസന്‍ 39 പന്തില്‍ 59 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്.
ഏപ്രില്‍ 21നാണ് ഹൈദരാബാദ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 23ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയും നേരിടും.
Content Highlight: Ruturaj Gaikwad Talking About Lose Against Sunrisers Hyderabad