വിസില്‍ പോട് ; ചെന്നൈയില്‍ ചേട്ടന്‍ ഓപ്പണ്‍ ചെയ്യും, ഒപ്പം ക്യാപ്റ്റനും!
Cricket
വിസില്‍ പോട് ; ചെന്നൈയില്‍ ചേട്ടന്‍ ഓപ്പണ്‍ ചെയ്യും, ഒപ്പം ക്യാപ്റ്റനും!
ഫസീഹ പി.സി.
Thursday, 26th March 2026, 8:47 am

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സി. എസ്. കെ) ഓപ്പണറായി മലയാളി താരം സഞ്ജു സാംസണ്‍ എത്തുമെന്ന് സ്ഥിരീകരിച്ച് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്. സഞ്ജുവിനൊപ്പം താനും ഓപ്പണറായി എത്തുമെന്നും താരം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ ക്യാപ്റ്റന്‍സ് ഡേ പരിപാടിക്കിടെയാണ് ഗെയ്ക്വാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്ത് വിട്ട വീഡിയോയില്‍ ആരാവും ഈ സീസണില്‍ ചെന്നൈയുടെ ഓപ്പണര്‍ എന്ന് അവതാരകന്‍ ചോദിച്ചപ്പോളായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

‘ആയുഷ് മാഹ്‌ത്രെ – സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് – സഞ്ജു, അല്ലെങ്കില്‍ ഋതുരാജ് – മാഹ്‌ത്രെ, ഇതില്‍ ആരാണ് ആരാണ് സി. എസ്. കെയുടെ ഓപ്പണിങ് ജോഡി,’ എന്നായിരുന്നു ചോദ്യം.

‘ ഋതുവും സഞ്ജുവും’ എന്നായിരുന്നു ഗെയ്ക്വാദിന്റെ മറുപടി.

ഇതോടെ ചെന്നൈയെ ചുറ്റിപ്പറ്റിയുള്ള വലിയൊരു ചര്‍ച്ചക്കാണ് അന്ത്യമായിരിക്കുന്നത്. ഈ സീസണില്‍ സി. എസ്. കെയില്‍ എത്തിയ സഞ്ജു ഏത് പൊസിഷനിലാവും ഇറങ്ങുക എന്ന ചോദ്യം ആരാധകര്‍ക്കിടിയില്‍ സജീവ ചര്‍ച്ചയായിരുന്നു.

സഞ്ജു സാംസൺ. Photo: Johns/x.com

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചാണ് ഇത്തവണ പുതിയ ജോഡിയെ പരീക്ഷിക്കുന്നത്. 2025ൽ തുടക്കത്തിൽ രചിൻ രവീന്ദ്രയും രാഹുൽ ത്രിപാഠി യുമായിരുന്നു ടീമിന്റെ ഓപ്പണർമാർ. പിന്നീട് രചിന്റെ കൂടെ ഡെവോൺ കോൺവേയെത്തി. അതിന് ശേഷം പല ഓപ്പണിങ് കൂട്ടുകെട്ടുകളും ചെന്നൈ പരീക്ഷിച്ചു.

ഷെയ്ക്ക് റഷീദും ആയുഷ് മാഹ്ത്രെയും കുറച്ച് മത്സരങ്ങൾ ഓപ്പണറായി. സീസണിന്റെ അവസാനത്തിൽ ഓപ്പണിങ് റോളിൽ മാഹ്ത്രെയും കോൺവേയുമായിരുന്നു. അതിനാൽ ഈ സീസണിലും മാഹ്ത്രെ ഓപ്പണിങ്ങിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ആയുഷ് മാഹ്ത്രെ.

അതേസമയം, ഐ.പി.എല്‍ 2026ല്‍ മാര്‍ച്ച് 30നാണ് ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ആര്‍. ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

Content Highlight: Ruturaj Gaikwad revealed that Sanju Samson along with him open for CSK in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി