കോഹ്‌ലിയെ മറികടന്ന് തേരോട്ടം; റെക്കോഡ് നേട്ടത്തിനിടയിലും ടീമില്‍ ഇടമില്ലാതെ ഗെയ്ക്വാദ്
Cricket
കോഹ്‌ലിയെ മറികടന്ന് തേരോട്ടം; റെക്കോഡ് നേട്ടത്തിനിടയിലും ടീമില്‍ ഇടമില്ലാതെ ഗെയ്ക്വാദ്
ഫസീഹ പി.സി.
Sunday, 4th January 2026, 9:03 am

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ താരം 52 പന്തില്‍ 66 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് ഫോറാണ് മഹാരാഷ്ട്ര ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഈ ഇന്നിങ്സിനൊപ്പം തന്നെ ഒരു റെക്കോഡും ഗെയ്ക്വാദ് സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ആവറേജുള്ള ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മഹാരാഷ്ട്ര ക്യാപ്റ്റന്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്. 57.69 എന്ന ശരാശരിയുമായാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന ഋതുരാജ് ഗെയ്ക്വാദ്. Photo: Xanthove/x.com

ഇതാകട്ടെ സ്വന്തമാക്കിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ്. താരത്തിന് ലിസ്റ്റ് എയില്‍ 57.67 ആണ് ശരാശരി.

വിജയ് ഹസാരെയില്‍ റെക്കോഡ് സ്വന്തമാക്കിയിട്ടും ഗെയ്ക്വാദിന് ജനുവരി മൂന്ന് നിരാശയുടെ ദിവസമായിരുന്നു. ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്ന് പുറത്തായതാണ് അതിന് കാരണം. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരക്കായി 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സ്‌ക്വാഡ് വിവരം പുറത്ത് വന്നപ്പോള്‍ ഗെയ്ക്വാദിന്റെ പേരുണ്ടായിരുന്നില്ല. താരം അവസാനം കളിച്ച മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയതിന് ശേഷമാണ് ഈ സ്ഥാന നഷ്ടം. 2025 ഡിസംബറില്‍ നടന്ന
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിലാണ് താരം അവസാനമായി ഇറങ്ങിയത്.

ഋതുരാജ് ഗെയ്ക്വാദ്. Photo: Selfless⁴⁵/x.com

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഗെയ്ക്വാദ് 83 പന്തില്‍ രണ്ട് സിക്സും 12 ഫോറും അടക്കം 105 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അടുത്ത മത്സരത്തില്‍ ടീമില്‍ ഉണ്ടായെങ്കിലും താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഇന്ത്യ മറ്റൊരു പരമ്പര കളിക്കുമ്പോള്‍ താരത്തിന് ടീമില്‍ സ്ഥാനവുമില്ല.

പ്രോട്ടിയാസിന് എതിരെയുള്ള പരമ്പരയില്‍ ഗെയ്ക്വാദ് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം നാലാം നമ്പറിലായിരുന്നു ബാറ്റേന്തിയത്. ശ്രേയസ് പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയതോടെയാണ് സി.എസ്.കെ താരത്തിന് തന്റെ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നത്.

Content Highlight: Ruturaj Gaikwad omitted from Indian ODI squad after became Indian player with highest average in List A cricket by Surpassing Virat Kohli

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി