എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം; നിയമം പാസാക്കി ബില്ലില്‍ ഒപ്പുവെച്ച് പുടിന്‍
World News
എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം; നിയമം പാസാക്കി ബില്ലില്‍ ഒപ്പുവെച്ച് പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 11:00 am

മോസ്‌കോ: എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.

രാജ്യത്ത് എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിന്റെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ കൂടുതല്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തിലാണ് പുടിന്‍ കഴിഞ്ഞദിവസം ഒപ്പുവെച്ചത്.

ഇതോടെ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിക്ക് അവരുടെ ഐഡന്റിറ്റി റഷ്യയില്‍ പൊതുഇടങ്ങളില്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനടക്കം നിരോധനം വരും. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരെയെല്ലാം പൊതുസ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് നേരത്തെ തന്നെ സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മാധ്യമങ്ങളിലോ പരസ്യങ്ങളിലോ പുസ്തകങ്ങളിലോ സിനിമകളിലോ മറ്റ് സോഷ്യല്‍ മീഡിയ- ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലോ ‘പാരമ്പര്യമല്ലാത്ത ലൈംഗിക ബന്ധങ്ങളെ’ (nontraditional sexual relations) കുറിച്ച് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്നതാണ് പുതിയ നിയമം എന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ ‘പ്രൊപ്പഗാണ്ട’ എന്നാണ് റഷ്യന്‍ നിയമത്തില്‍ വിശേഷിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ 24ന് തന്നെ റഷ്യന്‍ പാര്‍ലമെന്റായ ഡുമയില്‍ (Duma) 397നെതിരെ 0 എന്ന വോട്ടിന് നിയമം പാസാക്കിയിരുന്നു.

‘എല്‍.ജി.ബി.ടി പ്രൊപ്പഗാണ്ട തടയുക’ എന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്ന പുതിയ ഭേദഗതിക്ക് ലോവര്‍ ഹൗസിന്റെയും അപ്പര്‍ ഹൗസിന്റെയും അംഗീകാരം ലഭിച്ചിരുന്നു.

അതേസമയം, ഒമ്പത് വര്‍ഷം മുമ്പ് 2013ലാണ് ഈ നിയമത്തിന്റെ ആദ്യ രൂപം റഷ്യയില്‍ കൊണ്ടുവന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ ‘പാരമ്പര്യേതര ലൈംഗികതകളെ’ കുറിച്ചുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഈ നിയമം. ശിശു സംരക്ഷണ നിയമം ഭേദഗതി ചെയ്തായിരുന്നു ഇത് ഉള്‍പ്പെടുത്തിയത്.

എന്നാല്‍ പുടിന്‍ ഒപ്പുവെച്ച പുതിയ നിയമപ്രകാരം 18 വയസിന് മുകളിലുള്ള ആളുകള്‍ക്കിടയിലും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നിരോധനമുണ്ടാകും.

പുതിയ ഭേദഗതി പ്രകാരം, സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പൊതു ഇടങ്ങളിലോ, ഓണ്‍ലൈനിലോ, സിനിമയിലോ, പുസ്തകങ്ങളിലോ, പരസ്യത്തിലോ വന്ന് കഴിഞ്ഞാല്‍ വന്‍ തുക പിഴ ഈടാക്കുമെന്നാണ് വ്യവസ്ഥ.

നിയമവ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് നാല് ലക്ഷം റൂബിളും (5,38,091 രൂപ), സ്ഥാപനങ്ങള്‍ക്ക് അഞ്ച് മില്യണ്‍ (67,24,240 രൂപ) റൂബിളുമാണ് പിഴ. വിദേശികളാണെങ്കില്‍ 15 ദിവസം വരെ തടവും അതിന് ശേഷം നാടുകടത്തലും നേരിടേണ്ടി വരും.

എല്‍.ജി.ബി.ടി കണ്ടന്റുള്ള വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ ടിക് ടോകിനെതിരെ മൂന്ന് മില്യണ്‍ റൂബിളാണ് (40,34,929 രൂപ) കഴിഞ്ഞ മാസം റഷ്യന്‍ സര്‍ക്കാര്‍ പിഴ വിധിച്ചത്.

നേരത്ത കുട്ടികളില്‍ എല്‍.ജി.ബി.ടി ലൈഫ് സ്‌റ്റൈല്‍ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെയായിരുന്നു ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് ഈ നിയമത്തിന്റെ പേരില്‍ റഷ്യയില്‍ അധികൃതര്‍ പ്രൈഡ് മാര്‍ച്ചുകള്‍ നിരോധിക്കുകയും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

അതേസമയം പുതിയ നിയമത്തിനെതിരെ റഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായ പ്രതിഷേധവും നടക്കുന്നുണ്ട്.

Content Highlight: Russian president Vladimir Putin signed new law that widely bans public expression of LGBTQ identity